നഷ്ടപ്പെട്ടു പോയ ഭൂമി തിരിച്ചു നേടുന്നതിനായി മാസങ്ങളായി തലസ്ഥാനത്ത് സെക്രട്ടേറിയേറ്റിനു മുന്നില്‍ ആദിവാസികള്‍ നടത്തുന്ന വേറിട്ട സമരമായ നില്‍പ്പ് സമരത്തിനെ തള്ളിപ്പറഞ്ഞ് കൊണ്ട് സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. നില്‍പ്പുസമരവും ഇരിപ്പു സമരവും അരാജക നിലപാടാണെന്നാണ് കൊടിയേരി പറഞ്ഞത്. കൊല്ലത്ത് നടന്ന പാര്‍ട്ടി സമ്മേളനത്തിലാണ് ആദിവാസി സമരത്തിനെതിര് കൊടിയേരി നിലപാടെടുത്തത്.
നില്‍പ്പുസമരം, ഇരിപ്പുസമരം, കെട്ടിപ്പിടിക്കല്‍ സമരം, ചുംബനസമരം എന്നിങ്ങനെ അരാജക സമരങ്ങളാണ് സംസ്ഥാനത്ത് ഇന്ന് നടക്കുന്നത്. ഇങ്ക്വിലാബ് വിളിച്ചവര്‍ ചുംബിലാബ് വിളിക്കുകയാണിപ്പോള്‍. ഇവരെ നേരിടാന്‍ സദാചാര പൊലീസും രംഗത്തിറങ്ങുന്നു. അതും പോരാഞ്ഞ് ഹനുമാന്‍ സേനയും രംഗത്തുണ്ട്. കേരളത്തില്‍ അരാജകത്വമാണ് നടക്കുന്നത്. യുഡിഎഫിന്റെ നാലുവര്‍ഷത്തെ ഭരണത്തിന്റെ ഫലമാണിത്. കൊടിയേരി പറയുന്നു.
കോണ്‍ഗ്രസിന്റെ കൂടെപ്പോയ ആര്‍എസ്‌പിക്കാര്‍ പോലും പിരിവ് നല്‍കാത്തതിന് കടയടപ്പിക്കുന്ന നിലയിലെത്തിയെന്നും കോടിയേരി ആരോപിച്ചു. അതേസമയം നില്‍പ്പുസമരത്തെ അവഹേളിച്ചതിനെതിരെ ആദിവാസികള്‍ രംഗത്തെത്തി. അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന തങ്ങളെ വിപ്ലവപാര്‍ട്ടിയുടെ നേതാവുതന്നെ അപഹസിച്ചതില്‍ കടുത്ത പ്രതിഷേധമാണ് ആദിവാസികള്‍ക്കുള്ളത്.