പൊങ്കാലയിടാന്‍ 'രഥത്തില്‍'; തിരുവിതാംകൂര്‍ രാജകുടുംബത്തിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല !

രേണുക വേണു

തിങ്കള്‍, 26 ഫെബ്രുവരി 2024 (08:38 IST)
Travancore Royal Family

ആറ്റുകാല്‍ പൊങ്കാലയോടു അനുബന്ധിച്ച് രഥത്തിലെത്തിയ മുന്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗമായ ആദിത്യവര്‍മയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ 'പൊങ്കാല'. ദേശീയ പാതയിലൂടെ ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് ആദിത്യവര്‍മ അടക്കം മുന്‍ രാജകുടുംബത്തിലെ അംഗങ്ങള്‍ റോഡ് ഷോ നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. 'ജനാധിപത്യ കാലത്തും ഇത്തരത്തിലുള്ള പ്രഹസനങ്ങള്‍ നടത്താന്‍ നാണമില്ലേ' എന്നാണ് ആളുകള്‍ ചോദിക്കുന്നത്. 
 
പൊങ്കാല ദിവസം മുന്‍ രാജകുടുംബാംഗങ്ങള്‍ ഇങ്ങനെ രഥത്തിലേറി വരുന്ന രീതിയൊന്നും മുന്‍പ് ഉണ്ടായിരുന്നില്ല. പുതിയ തരം ആചാരങ്ങള്‍ സൃഷ്ടിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇതെന്നും വിമര്‍ശനമുണ്ട്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തുന്ന സ്ത്രീകള്‍ക്ക് വേണ്ടി മുസ്ലിം, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ അടക്കം ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാറുണ്ട്. പള്ളി മുറ്റത്ത് പോലും പൊങ്കാലയിടാന്‍ സൗകര്യം ഒരുക്കിയ സംഭവങ്ങളുണ്ട്. എന്നിട്ടും കവടിയാര്‍ കൊട്ടാരം മാത്രം ഇപ്പോഴും പൊങ്കാല ദിവസം അടഞ്ഞുകിടക്കും. അത്തരം വിവേചന ശീലമുള്ളവരാണ് ഇപ്പോള്‍ പൊങ്കാല ദിവസം നാട്ടുകാരുടെ അഭിവാദ്യം ലഭിക്കാന്‍ വേണ്ടി ഇത്തരം പ്രഹസനങ്ങള്‍ നടത്തുന്നതെന്നും സോഷ്യല്‍ മീഡിയ പരിഹസിച്ചു. 
 
പൊങ്കാല കാണാന്‍ ഇറങ്ങിയ തമ്പുരാന്റെ തേര് വലിക്കുന്ന ആളുകള്‍ക്ക് ഒന്നുകില്‍ നാണം വേണമെന്നും അല്ലെങ്കില്‍ അതില്‍ കയറി കുത്തിയിരിക്കുന്ന തമ്പുരാന് നാണവും അഭിമാനവും വേണമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. രാജവാഴ്ച അവസാനിച്ചിട്ട് വര്‍ഷങ്ങളായി. എന്നിട്ടും സ്വയം രാജാവ് ചമഞ്ഞു ആളുകളുടെ ബഹുമാനം പിടിച്ചുപറ്റാനാണ് മുന്‍ രാജകുടുംബാംഗങ്ങള്‍ ശ്രമിക്കുന്നതെന്നും വിമര്‍ശനമുണ്ട്. 
 
മുന്‍ രാജകുടുംബാംഗങ്ങള്‍ പൊങ്കാല ദിവസം നടത്തിയ രഥയാത്രയെ നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു? ഈ വാര്‍ത്തയ്ക്കു താഴെ അഭിപ്രായം രേഖപ്പെടുത്തുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍