ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ടു മുന്നോട്ടു നീങ്ങി; സംഭവം ചെറുതുരുത്തിയില്‍

വെള്ളി, 29 ജൂലൈ 2016 (13:58 IST)
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ട് മുന്നോട്ടു നീങ്ങി. 16345 നമ്പര്‍ മുംബൈ കൊച്ചുവേളി ലോക്മാന്യ തിലക് എക്സ്പ്രസിന്‍റെ എഞ്ചിനാണ് ബോഗികളില്‍ നിന്ന് വേര്‍പെട്ട് മുന്നോട്ട് നീങ്ങിയത്. ട്രെയിന്‍ 12.30 ഓടെ ചെറുതുരുത്തി കലാമണ്ഡലം പരിസരത്ത് എത്തിയപ്പോഴാണ് സംഭവം.

എൻജിനെ ബോഗിയുമായി ബന്ധിപ്പിക്കുന്ന ഭാഗം അടർന്നുപോയതാണ് അപകടകാരണം. എൻജിൻ മുന്നോട്ടു നീങ്ങിയെങ്കിലും എയർ ബ്രേക്ക് സംവിധാനം ഉള്ളതിനാൽ ട്രെയിൻ എളുപ്പം നിർത്താനായി. ബോഗികള്‍ പാളത്തില്‍ തന്നെ നിന്നതിനാല്‍ അപകടമൊന്നും ഉണ്ടായില്ല. വലിയ ശബ്ദത്തോടെ എഞ്ചിന്‍ വേര്‍പെട്ട് നീങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി.

ഷൊര്‍ണൂരില്‍ നിന്ന് റെയില്‍വേ മെക്കാനിക്ക് വിഭാഗം ജീവനക്കാര്‍ എത്തി എഞ്ചിനുമായി ബോഗികള്‍ ചേര്‍ത്തു. പരിശോധന കഴിഞ്ഞ് അരമണിക്കൂറിനു ശേഷം ട്രെയിന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

വെബ്ദുനിയ വായിക്കുക