ജനങ്ങള്‍ക്ക് സെന്‍കുമാറിലുള്ള വിശ്വാസം നഷ്‌ടമായി; അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തിയും സേനയുടെ കാര്യക്ഷമത തകര്‍ത്തു- സെന്‍‌കുമറിനെ മാറ്റിയത് എന്തുകൊണ്ടെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ രംഗത്ത്

വ്യാഴം, 2 ജൂണ്‍ 2016 (10:05 IST)
എല്‍ഡിഎഫ് സര്‍ക്കാര്‍ പൊലീസ് തലപ്പത്ത് നടത്തിയ അഴിച്ചുപണിക്കെതിരെ പൊട്ടിത്തെറിച്ച് ടിപി സെന്‍കുമാറിനെ എന്തുകൊണ്ടാണ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു മാറ്റിയതെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. സംസ്ഥാന പൊലീസ് മേധാവിയെന്ന നിലയില്‍ ജനങ്ങള്‍ക്ക് സെന്‍കുമാറിലുള്ള വിശ്വാസം നഷ്‌ടമായി. അദ്ദേഹം സേനയുടെ കാര്യക്ഷമതയില്‍ അതൃപ്തി സൃഷ്ടിച്ചുവെന്നും സെന്‍കുമാറിനെ മാറ്റിക്കൊണ്ടു ചീഫ് സെക്രട്ടറി ബുധനാഴ്ച ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

സെന്‍കുമാര്‍ നിരന്തരം തുടര്‍ന്ന് പോന്ന വാക്കും പ്രവര്‍ത്തിയും സേനയുടെ കാര്യക്ഷമത തകര്‍ത്തു. ജനവിശ്വാസം നഷ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ മാറ്റാനുള്ള അധികാരം സര്‍ക്കാരില്‍ നിഷിപ്തമാണ്. 2011ലെ പൊലീസ് ആക്ടിലെ സെക്ഷന്‍ 97 (2) (ഇ) വകുപ്പുപ്രകാരമാണ് അദ്ദേഹത്തെ ഡിജിപി സ്ഥാനത്തു നിന്നും മാറ്റുന്നത്. പൊലീസിന്റെ കാര്യക്ഷമത സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അതൃപ്തിയുണ്ടായാല്‍ അദ്ദേഹത്തെ മാറ്റാമെന്ന് പൊലീസ് ആക്‍ടില്‍ പറയുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടിപി സെന്‍കുമാറിനെ മാറ്റി പകരം ഫയര്‍ഫോഴ്സ് മേധാവി ലോക്നാഥ് ബെഹ്റയെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് സെന്‍കുമാറിനെ മാറ്റിയത്. തിങ്കളാഴ്‌ച രാത്രി ഏറെ വൈകിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് തലപ്പത്തെ അഴിച്ചു പണിയുടെ ഫയലില്‍ ഒപ്പുവച്ചത്. എന്‍ ശങ്കര്‍റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി ഡോ ജേക്കബ് തോമസിനെ നിയമിക്കുകയും ചെയ്തിരുന്നു. അവധിയിലായ ശങ്കര്‍ റെഡ്ഡിക്ക് പകരംചുമതല നല്‍കിയിട്ടില്ല. സെന്‍കുമാറിനെ കേരള പൊലീസ് ഹൗസിംഗ്  കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയാക്കി.

വെബ്ദുനിയ വായിക്കുക