കലാഭവന്‍ മണിയുടെ മരണം പുതിയ വഴിത്തിരിവിലേക്ക്: കോടികളുടെ സ്വത്തുക്കള്‍ കാണാനില്ലെന്നു സംശയം; പൊലീസ് അന്വേഷണം ഭാര്യാബന്ധുവിലേക്ക്
ഞായര്‍, 20 മാര്‍ച്ച് 2016 (16:10 IST)
കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് ഭാര്യയുടെ ബന്ധുവിനെതിരേയും അന്വേഷണം നടത്താന്‍ പൊലീസ് ഒരുങ്ങുന്നു. മണിയുടെ സ്വത്തു സംബന്ധിച്ച തര്‍ക്കം തന്നെയാണ് മരണത്തില്‍ കലാശിച്ചതെന്ന സംശയം ബലപ്പെടുന്നതിനിടെയാണ് പൊലീസിന്റെ ഇത്തരമൊരു നീക്കം. മണിക്ക് അടുത്തകാലത്തു സ്റ്റേജ് ഷോകളില്‍നിന്നു കിട്ടിയ പണം എവിടെപ്പോയെന്ന അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു പൊലീസിന്റെ അനുമാനം. മണിയുടെ മുപ്പതുകോടിയോളം രൂപയുടെ സ്വത്തുവകകള്‍ സംബന്ധിച്ച് വിവരം കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. മണിക്കു ബിനാമി നിക്ഷേപങ്ങള്‍ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മണിയുടെ സമ്പാദ്യം സുഹൃത്തുക്കള്‍ കവര്‍ന്നെടുത്തതായി സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ വിവിധ മാധ്യമങ്ങളില്‍കൂടി ആരോപിച്ചിരുന്നു. മരണത്തിന് തൊട്ടു മുമ്പത്തെ ദിവസം ഒറ്റപ്പാലത്ത് ഒരുപരിപാടിയില്‍ പങ്കെടുത്ത ഇനത്തില്‍ മണിക്കു മൂന്നു ലക്ഷത്തിലേറെ രൂപ കിട്ടിയിരുന്നു. എന്നാല്‍, അസുഖബാധിതനായി മണിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നേരം മാനേജരുടെ കൈവശം ഇരുപത്തയ്യായിരം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ഡോ സുമേഷ് പറഞ്ഞിരുന്നു. ഇത്തരത്തില്‍ മണി അടുത്തകാലത്തു ചെയ്ത സ്റ്റേജ് ഷോകളുടെ പണം എവിടെയെങ്കിലും നഷ്ടപ്പെടുകയോ മറ്റാരെങ്കിലും അപഹരിക്കുകയോ ചെയ്തിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
മണിയോടൊപ്പം എപ്പോഴുമുണ്ടായിരുന്ന ബന്ധുക്കളില്‍ ചിലരുടെയും സഹായികളുടെയും അടുത്തുനിന്നു നിര്‍ണായക വിവരങ്ങള്‍ കിട്ടിയേക്കാമെന്ന് പൊലീസ് കരുതുന്നു. മണിയുടെ പരിപാടികളിലെ പ്രതിഫലം സംബന്ധിച്ച് ബന്ധുക്കള്‍ക്കു കാര്യമായ വിവരമില്ല. കിട്ടുന്ന പണം കാറിലും പാടിയിലുമാണു മണി സൂക്ഷിച്ചിരുന്നത്. നാട്ടിലെ പരിപാടികള്‍ക്കുള്ള പ്രതിഫലം പണമായാണ് കിട്ടിയിരുന്നത്. ഇതു സുഹൃത്തുക്കളോ സഹായികളോ കൊണ്ടുപോയിട്ടുണ്ടോ എന്ന് അന്വേഷിച്ചാല്‍ കാതലായ എന്തെങ്കിലും വിവരം ലഭിച്ചേക്കുമെന്നും പൊലീസ് കരുതുന്നു.
മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും സഹോദരന്‍ രാമകൃഷ്ണന്റെ ആരോപണത്തിന്റെയും മാധ്യമങ്ങളിലൂടെ ഉന്നയിച്ച സംശയങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. മുപ്പതുകോടിയോളം രൂപയുടെ സ്വത്തുവകകള്‍ എവിടെയാണുള്ളതെന്നു ഭാര്യക്കോ സഹോദരനോ അറിയില്ല. അതു സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കങ്ങള്‍ അടുത്ത കാലത്തുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്. ബന്ധുക്കള്‍ക്കും ഭാര്യക്കും അറിയാത്ത വിധം മറ്റെവിടെയെങ്കിലും വസ്തുവോ സ്വത്തോ വാങ്ങിയിട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു വരുന്നുണ്ട്.
ഈ അടുത്തകാലത്ത് സീസണില്‍ ഒരോ മാസവും പതിനഞ്ചിലേറെ സ്റ്റേജ് ഷോകള്‍ക്കു മണി പോയിരുന്നു. മൂന്നു ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയിലായിരുന്നു പ്രതിഫലം. പണം വാങ്ങിയ ശേഷം മാത്രമേ പരിപാടിക്കായി മണി സ്റ്റേജില്‍ കയറിയിരുന്നുള്ളൂ. അതിനാല്‍തന്നെ പണം കിട്ടിയിട്ടില്ലെന്നു കരുതാനാവില്ല. ഈ സാഹചര്യത്തില്‍ അടുത്തകാലത്തു കിട്ടിയ പണം എവിടെയാണ് എന്നു കണ്ടെത്തുകയാണു പൊലീസിന്റെ പ്രധാന ലക്ഷ്യം. മണിയുമായും മണിയുടെ ഇടപാടുകളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഭാര്യയുടെ ഒരു ബന്ധുവിനെ ചോദ്യം ചെയ്താല്‍ നിര്‍ണായകമായ പല വിവരങ്ങളും കിട്ടിയേക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.