'ഒന്ന് വോട്ട് ചെയ്തുനോക്കൂ'; മമ്മൂട്ടിയുടെ ഡയലോഗ് കടമെടുത്ത് ജോ ജോസഫ്

ചൊവ്വ, 31 മെയ് 2022 (13:02 IST)
സമീപകാലത്ത് ഏറ്റവും വലിയ ഹിറ്റായ ചിത്രമാണ് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം. സിനിമയുടെ പ്രൊമോഷന്‍ വേളയില്‍ മമ്മൂട്ടി പറഞ്ഞ ഡയലോഗാണ് 'ഒന്ന് ടിക്കറ്റെടുത്ത് നോക്കൂ' എന്നത്. അത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഡയലോഗ് കടമെടുത്ത് തനിക്കായി വോട്ട് ചോദിക്കുകയാണ് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടിങ് പുരോഗമിക്കുന്ന വേളയിലാണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ചിത്രം പങ്കുവെച്ചുകൊണ്ട് ജോ ജോസഫ് രസകരമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 
 
ജോ ജോസഫിന്റെ കുറിപ്പ് വായിക്കാം 
 
ഭീഷ്മപര്‍വ്വം സിനിമ ഇറങ്ങുന്നതിന് മുന്‍പ് മമ്മൂട്ടിയോട് ഒരു അഭിമുഖത്തില്‍ ചോദിക്കുന്ന ചോദ്യം ഈ സിനിമ എന്തുകൊണ്ട് പ്രേക്ഷകര്‍ കാണണം എന്നതായിരുന്നു. 'ഒന്ന് ടിക്കറ്റെടുത്ത് നോക്കൂ' എന്ന ആത്മവിശ്വാസത്തോടെയുള്ള അദ്ദേഹത്തിന്റെ മറുപടി കേട്ട് ടിക്കറ്റെടുത്ത ജനങ്ങളാരും നിരാശരായില്ല. സംതൃപ്തി നിറഞ്ഞ രണ്ടര മണിക്കൂര്‍ നല്‍കാന്‍ സിനിമക്ക് കഴിഞ്ഞു. തൃക്കാക്കരയിലെ ജനങ്ങളും നിരാശരാകില്ല. സംതൃപ്തി നിറഞ്ഞ നാല് വര്‍ഷങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഒന്ന് വോട്ട് ചെയ്തുനോക്കൂ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍