വിദ്യാർത്ഥിനിയുടെ നില തൃപ്തികരം, വ്യാജവാർത്ത പ്രചരിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ: ആരോഗ്യമന്ത്രി

ശനി, 1 ഫെബ്രുവരി 2020 (21:04 IST)
തൃശ്ശൂര്‍: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതുവരെ മറ്റാർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല എന്നാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 22 പേരെകൂടി ആശുപത്രിയിൽ നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 
 
പെണ്‍കുട്ടിയുമായി ഇടപഴകിയ കൂടുതല്‍ പേരുടെ പട്ടിക ആരോഗ്യവകുപ്പ് പരിശോധിച്ച്‌ വരികയാണ്. പരിശോധനയ്ക്കായി അയച്ച പെണ്‍കുട്ടിയുടെ രണ്ടാമത്തെ സാമ്പിളിന്റെ ഫലം ലഭിച്ചിട്ടില്ല. വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിയോടൊപ്പം യാത്ര ചെയ്തെത്തിയ മറ്റൊരു വിദ്യാർത്ഥിനിയിൽ പനിയുടെ ലക്ഷണങ്ങൾ കണ്ടെത്തിയതോടെ  കരുതൽ നടപടി എന നിലയിൽ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിനിയുടെ സ്രവ സാംപിള്‍ പൂനെയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
 
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. സൈബർ സെൽ ഇക്കാര്യത്തിൽ കർശന നടപടി തന്നെ സ്വീകരിയ്ക്കുന്നുണ്ട്.  സംസ്ഥാനത്ത് ആകെ 1793 പേരാണ് നിരീക്ഷണത്തിലുള്ളത്. ശനിയാഴ്ച്ച തൃശ്ശൂരില്‍ നിന്ന് അഞ്ച് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കുന്നതിനായി പൂനെയില്‍ നിന്നുള്ള വിദഗ്ധ സംഘം ഞായറാഴ്ച ആലപ്പുഴയില്‍ എത്തും എന്നും ആരോഗ്യമന്ത്രി പറഞ്ഞു. 
 
കൊറോണ വൈറസ് പടർന്നുപിടിയ്ക്കുന്ന പശ്ചാത്തലത്തില്‍ ചൈനയിലെ സിംഗ്ജിയാംഗില്‍ നിന്നുള്ള 12 മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലെത്തി. വിമാനത്താവളത്തിൽ വച്ച് ആരോഗ്യ വകുപ്പ് പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷമാണ് വിദ്യാർത്ഥികളെ വീടുകളിലേയ്ക്ക് അയച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍