കായല്‍ കൈയേറ്റ ആരോപണത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് മന്ത്രി പരമോന്നത കോടതിയെ സമീപിക്കുന്നത്. മന്ത്രി ഇന്നു തന്നെ ഡല്‍ഹിക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്.
വിഷയത്തില്‍ ഉടൻതന്നെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കാനാണ് തോമസ് ചാണ്ടി ഒരുങ്ങുന്നതെന്നാണ് വിവരം. റിട്ട് ഹർജിയുടെ ഉള്ളടക്കം പരിശോധിക്കാതെ തള്ളിയ നടപടിയടക്കം ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഡിവിഷൻ ബെഞ്ച് തള്ളിയ സാഹചര്യത്തിലാണ് തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ജസ്റ്റിസുമാരായ പിഎന്‍ രവീന്ദ്രനും ദേവന്‍ രാമചന്ദ്രനും അടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്. രണ്ട് ജഡ്ജിമാരും പ്രത്യേകം വിധി പ്രസ്താവങ്ങളാണ് നടത്തിയത്.
മന്ത്രിയുടെ രാജി അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. ഭരണസംവിധാനത്തെയും ഭരണഘടനയേയും വെല്ലുവിളിച്ച മന്ത്രിയുടെ നടപടി കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്ന് ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ പറയുന്നു.