താനും പിണറായിയും മത്സരിക്കുന്നപക്ഷം ഭാവികാര്യങ്ങളിൽക്കൂടി വ്യക്തതയുണ്ടാക്കണം: വി എസ്

ബുധന്‍, 16 മാര്‍ച്ച് 2016 (07:52 IST)
വി എസ് അച്യുതാനന്ദൻ കൂടി മത്സരരംഗത്തുണ്ടെന്നു വ്യക്തമായെങ്കിലും സിപിഎമ്മിലെ ഔദ്യോഗികപക്ഷത്തിന് അവരുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്നത്തില്‍ അവ്യക്തതയില്ല–പിണറായി വിജയൻ. എന്നാല്‍ വിഎസും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പ്രതീക്ഷ കൈവിട്ടിട്ടില്ല. വി എസിനെ സ്ഥാനാർഥിയാക്കാൻ മുൻകൈ എടുത്ത ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അടുത്തഘട്ടത്തിലും ആവശ്യംവന്നാൽ ഇടപെടുമെന്ന് അവരും പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പിലും പിണറായി രംഗത്തുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അമരക്കാരൻ വിഎസ് എന്നതു വ്യക്തമായിരുന്നു. ഇത്തവണ വിഎസും പിണറായിയും നയിക്കാൻ യോഗ്യരാണെന്നാണു കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ പറയുന്നത്. ഭാവികാര്യത്തിൽ അവ്യക്തത ശേഷിപ്പിച്ചാണു യച്ചൂരി സ്ഥാനാർഥിത്വം സംബന്ധിച്ച പ്രധാനതീരുമാനങ്ങൾ എടുപ്പിച്ചത്.  

ഔദ്യോഗികചേരിയിലെ ഒരു വലിയപങ്കു നേതാക്കളുടെ അഭിപ്രായവും അധികാരത്തിലേക്കു തിരിച്ചുവരാൻ കഴിയാവുന്ന തീരുമാനങ്ങളേ എടുക്കാവൂ എന്ന കേന്ദ്രത്തിന്റെ അറിയിപ്പുമാണ് വിഎസിനു ഇത്തവണയും വഴിയൊരുക്കിയത്. എന്നാല്‍ വിഎസ് കൂടി മത്സരിച്ചാൽ ഭാവിസംബന്ധിച്ച് അവ്യക്തതയാകും എന്നതു സംസ്ഥാനനേതൃത്വത്തെ അലട്ടിയിരുന്നു. അങ്ങനെയാണ് ഈമാസം ആദ്യം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ യച്ചൂരിയുടെ നിർദേശം ചോദ്യംചെയ്യപ്പെട്ടത്. തുടർന്ന് വിഎസുമായി യച്ചൂരി ആശയവിനിമയം നടത്തി. ഇതിൽ മൂന്നുകാര്യങ്ങളാണു വിഎസ് അറിയിച്ചത് എന്നാണു പുറത്തു വന്ന വിവരം.

∙ താൻ മത്സരിക്കണം എന്നതു സംസ്ഥാനത്തെ പാർട്ടിയുടെകൂടി അഭിപ്രായമായിരിക്കണം.
∙ താനും പിണറായിയും മത്സരിക്കുന്നപക്ഷം ഭാവികാര്യങ്ങളിൽക്കൂടി വ്യക്തതയുണ്ടാക്കണം
∙ താൻ മാറിനിൽക്കുന്ന സാഹചര്യം ദുർവ്യാഖ്യാനങ്ങൾക്കു വഴിവയ്ക്കുകയും അത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു ദോഷമാകുകയും ചെയ്യും.

ഇതേത്തുടർന്നാണ് ഡൽഹിയിൽ ചേർന്ന പിബി യോഗം വിഎസും പിണറായിയും മത്സരിക്കണമെന്ന അഭിപ്രായത്തിലെത്തിയത്. വിഎസ് നിലപാടു വ്യക്തമാക്കുന്നതിനു മുൻപ് പിബി അദ്ദേഹത്തെ മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്നില്ല എന്നാണു സംസ്ഥാനകമ്മിറ്റി യോഗത്തെ യച്ചൂരി അറിയിച്ചത്. ഒരേസമയം വിഎസിനെയും സംസ്ഥാനനേതൃത്വത്തെയും വിശ്വാസത്തിലെടുക്കാനുള്ള യച്ചൂരിയുടെ ശ്രമം ഇതിലെല്ലാം വ്യക്തമാക്കുന്നു.

ജയിക്കാൻ സഹായകമായ തീരുമാനങ്ങളാണ് ആദ്യം എടുക്കേണ്ടത്, ജയിച്ചു കഴിഞ്ഞാല്‍ എന്ത് എന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കുക എന്ന നിലപാടിലാണ് ഇപ്പോള്‍ സിപിഎം.

വെബ്ദുനിയ വായിക്കുക