അനാവശ്യമായ കാര്യങ്ങളില്‍ പ്രതികരിച്ച് വിവാദങ്ങൾക്കു വഴിവയ്ക്കരുതെന്നു സിപിഎമ്മിൽ കർശന നിർദേശം. സമൂഹമാധ്യമങ്ങളിൽ ഇടപെടുമ്പോഴും വളരെയേറെ ശ്രദ്ധിക്കണമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരസ്യമായി വ്യക്തമാക്കി. ഓരോരുത്തരുടെയും വികാരപ്രകടനങ്ങൾ നടത്താനുള്ള വേദിയല്ല സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നവമാധ്യമങ്ങളെന്നു കോടിയേരി കൂട്ടിച്ചേര്‍ത്തു.
ലാവ്‍ലിൻ കേസും മുഖ്യമന്ത്രി ആരെന്ന തർക്കവുമെല്ലാം വീണ്ടും തലപൊക്കി. തിരുവനന്തപുരത്തു നടന്ന വാർത്താസമ്മേളനത്തിൽ പിണറായി വിജയൻ നടത്തിയ പ്രതികരണവും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ വിവാദ അഭിമുഖവും ഫേസ്‌ബുക്ക് കുറിപ്പുകളുമെല്ലാം അന്തരീക്ഷം വഷളാക്കി എന്ന വിമർശനത്തിനാണു വഴിവച്ചിരിക്കുന്നത്. ഇതിലെല്ലാം കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങൾക്ക് ഇടപെടേണ്ടിവന്നു. കടുത്ത പോരാട്ടം നടക്കുന്ന സാഹചര്യത്തിൽ പഴയ പാർട്ടിഭിന്നത ഉയർന്നാൽ എല്ലാം താറുമാറാകുമെന്ന ആശങ്കയിലാണു സിപിഎം. അതിനാലാണ് ഇത്തരമൊരു ആഹ്വാനം.
ദേശീയ ദിനപത്രവുമായുള്ള അഭിമുഖം വിവാദമായതോടെ വി എസും വളരെ ജാഗ്രതയിലാണ്. അഞ്ചു മിനിറ്റ് താനുമായി നടത്തിയ സംഭാഷണമാണു വിവാദമാക്കിയത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ചാനലുകൾക്കു പ്രതികരണങ്ങൾ കൊടുക്കേണ്ടെന്ന തീരുമാനത്തിലാണ് അദ്ദേഹം. ഇതു ലംഘിച്ചാണു കഴിഞ്ഞ ദിവസം കോഴിക്കോട്ട് അദ്ദേഹം മാധ്യമപ്രവർത്തകർക്കെതിരെ തിരിഞ്ഞത്. തെമ്മാടിത്തരം എന്ന പ്രയോഗം വിഎസിൽനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന അഭിപ്രായം പരിഗണിച്ച് അദ്ദേഹം പിൻവലിക്കുകയും ചെയ്തു.
ആലപ്പുഴ ജില്ലയിൽ പ്രചാരണത്തിനെത്തിയ പിണറായി വിജയൻ സമ്മേളനങ്ങളിൽ പ്രസംഗിച്ചെങ്കിലും മാധ്യമങ്ങളുമായി അകലം പാലിച്ചു. സമ്മേളനശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കാനും പിണറായി കൂട്ടാക്കിയില്ല. കുട്ടനാട്ടിലെ ദൃശ്യമാധ്യമങ്ങൾ കാത്തുനിന്നെങ്കിലും മുഖം നൽകാതെ പിണറായി മടങ്ങി. കഴിഞ്ഞ ദിവസം പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടത്താനിരുന്ന വാർത്താസമ്മേളനവും പിണറായി റദ്ദാക്കി. മുഖാമുഖത്തിനു സമ്മതിച്ചുവെങ്കിലും തിരുവനന്തപുരത്തുനിന്നു പുറപ്പെടാൻ വൈകുമെന്നതിനാൽ വേണ്ടെന്നുവയ്ക്കുകയാണെന്നാണു പ്രസ് ക്ലബ് ഭാരവാഹികളെ അറിയിച്ചത്.
ലാവ്‍ലിൻ കേസിൽ മറ്റൊരു കോടതിവിധി വന്നാൽ പ്രതികരിക്കും എന്ന സൂചന വിഎസ് നൽകിയതു പാർട്ടിയെ ചൊടിപ്പിച്ചിരുന്നു. ഫേസ്‌ബുക്കിലെ വിഎസിന്റെ ഇടപെടലുകൾ തിരുത്തുകൾക്കും അതുവഴി വിവാദങ്ങൾക്കും കാരണമായി എന്ന രോഷം പാർട്ടി നേതൃത്വത്തിനുണ്ട്. ഈ പശ്ചാത്തലത്തിലാണു നവമാധ്യമങ്ങളിലൂടെയുള്ള സംവാദങ്ങൾ അന്തസ്സുറ്റതാകണമെന്ന കോടിയേരിയുടെ നിർദേശം. മറിച്ചുള്ളതു വ്യക്തിപരമായി ആത്മസംതൃപ്തി നേടിത്തരുമെങ്കിലും പാർട്ടിക്കു ദോഷം ചെയ്യുമെന്നും കോടിയേരി പറഞ്ഞു. മറ്റാരുടെയും നവമാധ്യമ ഇടപെലുകൾ വിവാദങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നിരിക്കെ, വിഎസിനെയാണു കോടിയേരി ഉദ്ദേശിച്ചതെന്ന കാര്യം വ്യക്തമാണ്.