തട്ടമിട്ട് ക്ലാസിൽ പോയി: തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ സ്ക്കൂളിൽ നിന്ന് പുറത്താക്കി; ജ്യോതി നിലയം സ്‌കൂളിനെതിരെ രക്ഷിതാക്കള്‍

ബുധന്‍, 12 ജൂണ്‍ 2019 (08:16 IST)
തട്ടം ഇട്ടുകൊണ്ട് സ്‌കൂളിൽ ചെന്നതിന്റെ പേരില്‍ വിദ്യാര്‍തിഥിനിക്ക് സ്‌കൂള്‍ അധികൃതര്‍ ടിസി നല്‍കി പുറത്താക്കിയതായി ആരോപണം. തിരുവനന്തപുരത്തുള്ള മേനംകുളത് പ്രവർത്തിക്കുന്ന ജ്യോതി നിലയം പബ്ലിക് സ്‌കൂളിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇവിടെ എട്ടാം ക്ലാസില്‍ പുതുതായി ചേര്‍ന്ന ഷംഹാന ഷാജഹാന്‍ എന്ന വിദ്യാര്‍തിഥിനിയെയാണ് തട്ടമിട്ട് ഈ കോമ്പൗണ്ടില്‍ പ്രവേശിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നു പറഞ്ഞുകൊണ്ട് പുറത്താക്കിയത്.
 
കവടിയാറിലുള്ള നിര്‍മ്മലാ ഭവൻ സ്‌കൂളിൽ ആയിരുന്നു ഏഴാം ക്ലാസുവരെ ഷംഹാന പഠിച്ചിരുന്നത്. കുടുംബം ഈ വർഷം കണിയാപുരത്തിനടുത്തുള്ള കഠിനംകുളത്തേക്ക് താമസം മാറിയതിനാല്‍ ജ്യോതി നിലയം സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു. സ്‌കൂളിൽ അഡ്മിഷന് പോയസമയത്ത് അവിടെ പരീക്ഷയും ഇന്റര്‍വ്യൂവും ഉണ്ടായിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതല്‍ ഷംഹാനയ്ക്ക് തലയില്‍ തട്ടിമിടുന്ന ശീലമുണ്ട്. അഡ്മിൻ, ഇന്റര്‍വ്യൂ സമയങ്ങളിലും തലയില്‍ ഷാള്‍ ധരിച്ചിരുന്നു. ആ സമയത്തൊന്നും അവര്‍ ഈ സ്‌കൂളില്‍ തട്ടമിടാന്‍ പറ്റില്ലെന്ന് അധികൃതർ പറഞ്ഞിട്ടില്ലെന്നും മാതാവ് ഷാമില ചൂണ്ടിക്കാട്ടുന്നു.
 
ഈ അധ്യയന വർഷം സ്‌കൂള്‍ തുറന്ന് വ്യാഴാഴ്ച ക്ലാസിലെത്തിയപ്പോള്‍ ഷംഹാനയോട് ധരിച്ചിരുന്ന തട്ടം മാറ്റാന്‍ പറഞ്ഞു. ഇത് ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടായതെന്നതിനാൽ കുട്ടിയ്ക്ക് കാര്യം മനസിലായില്ല. അടുത്ത ദിവസം വീണ്ടും സ്‌കൂളിലെത്തിയപ്പോള്‍ തട്ടമിട്ട് സ്‌കൂള്‍ കോമ്പൗണ്ടില്‍ കയറാന്‍ അനുവദിക്കില്ലെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്.
 
ഈ സ്‌കൂളിൽ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികളെ തട്ടമിട്ട് സ്‌കൂളില്‍ വരാന്‍ അനുവദിക്കുന്നില്ലെന്നും പിന്നെന്തുകൊണ്ട് നിങ്ങളുടെ കുട്ടിയ്ക്ക് മാത്രം തട്ടമിടാതെ വന്നുകൂട എന്നുമാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ചോദിച്ചതെന്നും ഷാമില അറിയിച്ചു. തുടർന്ന് ഫീസ് തിരികെ വാങ്ങി പൊയ്‌ക്കോളാനാണ് അവര്‍ പറഞ്ഞത്.കുട്ടിക്ക് വേറെ സ്‌കൂളിലൊന്നും അഡ്മിഷനായിട്ടില്ല, അടുത്ത ദിവസം വന്ന് ടിസി വാങ്ങാമെന്ന് പറഞ്ഞപ്പോള്‍ അവര്‍ ടിസി നല്‍കിയാണ് വിട്ടത്.
 
ടിസി ലഭിക്കുന്നതിനായി അവര്‍ ആവശ്യപ്പെട്ടതു പ്രകാരം അപേക്ഷ നല്‍കിയപ്പോള്‍ കാരണം എഴുതേണ്ട കോളത്തില്‍ എഴുതിയത് തട്ടമിട്ട് ക്ലാസില്‍ വരാന്‍ അനുവദിക്കാത്തതുകൊണ്ട് ഞങ്ങള്‍ പോകുന്നുവെന്നാണ്. എന്നാൽ സ്‌കൂൾ അധികൃതർ ടിസിയില്‍ ബെറ്റര്‍ ഫെസിലിറ്റീസ് എന്ന് തിരുത്തി. വിഷയവുമായി ബന്ധപ്പെട്ട് സമീപിച്ച മാധ്യമങ്ങളോട് സ്‌കൂള്‍ അധികൃതര്‍ പറയുന്നത് കുട്ടിയുടെയും രക്ഷിതാക്കളുടെയും താല്‍പര്യപ്രകാരമാണ് പോയതെന്നാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍