കേരളം കാത്തിരുന്ന ദിനം; പൂരപ്പറമ്പ് പോലെ സെൻട്രൽ സ്റ്റേഡിയം, അതിഥിയായി വി എസ്

ബുധന്‍, 25 മെയ് 2016 (16:40 IST)
കാസർഗോഡ് മുതൽ കന്യാകുമാരി വരെയുള്ള സ്ഥലങ്ങളിൽ നിന്നും തിരുവനന്തപുരത്തെ നിയമസഭ മന്ദിരത്തിന് പുറത്തെ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ജനങ്ങൾ ഒഴുകിയെത്തുകയായിരുന്നു. പുതുപ്രതീക്ഷകളുമായി പിണറായി വിജയൻ നയിക്കുന്ന ഇടതുമുന്നണി സർക്കാർ അധികാരമേൽക്കുന്നത് കാണാൻ. അരലക്ഷം ജനങ്ങൾക്കിടയിൽ വി എസ് അച്യുതാനന്ദനമുണ്ട്. ആതിഥേയനായിട്ടല്ല, അതിഥിയായിട്ടാണെന്നു മാത്രം. 
 
സത്യപ്രതിജ്ഞയ്ക്ക് മുൻപ് നിയുക്ത മന്ത്രിമാർ അനുഗ്രഹം തേടി വി എസിനെ സന്ദർശിച്ചിരുന്നു.
പുഞ്ചിരിയോടെ ഊര്‍ജ്ജസ്വലനായി വി എസ് എല്ലാവരെയും സ്വീകരിച്ചു. ആശംസകള്‍ നേര്‍ന്നു. ഉപദേശങ്ങള്‍ നല്‍കി. ഇതിനിടയില്‍ ഫെയ്‌സ്ബുക്കിലൂടെ സര്‍ക്കാരിന് ആശംസയും നേര്‍ന്നു. 
 
നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ പുതിയ സര്‍ക്കാരിന്റെ നയ സമീപനങ്ങളും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ചില നടപടികളും വ്യക്തമാക്കിയിട്ടുണ്ട് . ഇവ സ്വാഗതാര്‍ഹങ്ങളാണ് . മികച്ച തുടക്കമായി ഞാന്‍ ഇതിനെ കാണുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ആശംസയും കരുതലും ഉപദേശവും സമന്വയിപ്പിച്ച ഈ പ്രസ്താവന വി എസ്സിനെ ശ്രദ്ധേയനാക്കി.

വെബ്ദുനിയ വായിക്കുക