മലപ്പുറം: കഴിഞ്ഞ മാസം ഇരുപത്തൊന്നിനു മലപ്പുറം ജില്ലയിലെ ഒലിപ്രം കടവിനടുത്ത് ഹാജിയാർ വളവിൽ നെഞ്ചെറി അബൂബക്കർ മുസ്‍ലിയാരുടെ വീട്ടിൽ നിന്ന് നാലു പവന്റെ സ്വർണമാലയും അര പവന്റെ സ്വർണ്ണമോതിരവും 67500 രൂപയും കളവു പോയിരുന്നു. മോഷണം പോയ സമയത്ത് മുസ്‍ലിയാരുടെ ഭാര്യ റാബിയ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവർ കുളിക്കാൻ പോയ സമയത്തായിരുന്നു മോഷണം നടന്നത്. കുളികഴിഞ്ഞു തിരിച്ചെത്തിയപ്പോൾ വീടിന്റെ വാതിലും അലമാരയും തുറന്നു കിടക്കുന്നതു കണ്ടപ്പോൾ നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി അറിഞ്ഞത്.
തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി അന്വേഷണവും തുടങ്ങി. എന്നാൽ ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി കിടപ്പുമുറിയിൽ നിന്ന് മോഷണമുതൽ ലഭിച്ചു.മോഷണമുതൽ മുറിക്കുള്ളിലെ ജനലിനു താഴെയായി കണ്ടെത്തിയത്. കിടപ്പുമുറിയുടെ ജനൽപ്പാളി ചൂടുകാരണം തുറന്നു വച്ചിരിക്കുകയായിരുന്നു. അതുവഴിയാകാം ഇവ അകത്തിട്ടത് എന്നാണു പോലീസിന്റെ നിഗമനം.