കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളുമായി ബാഹുബലി തകര്‍ക്കുന്നു; ചിത്രം റിലീസ് ചെയ്‌തു
വെള്ളി, 10 ജൂലൈ 2015 (13:43 IST)
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മുതല്‍ മുടക്കുള്ള മൊഴിമാറ്റ ചിത്രം 'ബാഹുബലി' കേരളത്തില്‍ ബി ക്ലാസ് തിയറ്ററുകളില്‍ റിലീസ് ചെയ്തു. ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ ബി ക്ലാസ് തിയറ്ററുകളിലാണ് പ്രദര്‍ശനം നടക്കുന്നത്. ആലപ്പുഴ കറ്റാനം രാഗം, തൃശൂര്‍ വളര്‍കാട് ഗാനം തിയേറ്ററുകളിലാണ് പ്രദര്‍ശനം നടക്കുന്നത്. ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണമാണ് ഇതുവരെ ലഭിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.
അതേസമയം, തിയേറ്ററുകള്‍ ഇന്ന് സമരത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിനാല്‍ സിനിമ കാണുന്നതിന്‍ വലിയ തിരക്കൊന്നും അനുഭവപ്പെട്ടിട്ടില്ല. വൈഡ് റിലീസിങ്ങിന്റെ ഭാഗമായി എ ക്ലാസ് തിയേറ്ററുകള്‍ സമരത്തിലായതോടെ ചിത്രം കേരളത്തിലെ ബി ക്ലാസ് തിയറ്റുകളിലും പ്രദര്‍ശിപ്പിക്കുകയായിരുന്നു.
കേരളത്തിലെ 120 തിയേറ്ററുകളിലാണ് ബാഹുബലി പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ കേരളത്തിലെ വിതരണക്കാരായ സെഞ്ചുറി ഫിലിംസുമായി കരാറില്‍ ഒപ്പിട്ട 70ല്‍ അധികം തിയ്യറ്ററുകള്‍ സമരത്തിലാണ്. കരാറില്‍ ഏര്‍പ്പെട്ടശേഷം പ്രദര്‍ശനം നടത്താത്ത തിയേറ്ററുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് വിതരണക്കാരുടെ നിലപാട്.
എന്നാല്‍ അടുത്തയാഴ്ച റംസാന്‍ ചിത്രങ്ങള്‍ കൂടി എത്തുന്നതിനാല്‍ സിനിമാ മേഖലയിലെ തമ്മിലടി വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. വെള്ളിയാഴ്ച കൊണ്ടു സമരം അവസാനിക്കുമോ അതോ അനിശ്ചിത കാലത്തേക്കു തീയേറ്ററുകള്‍ അടച്ചിടുമോ എന്ന കാര്യം വ്യക്തമല്ല.