കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് മലയാള സിനിമയെ മാത്രമല്ല മലയാളികളെ ഒന്നടങ്കം ഞെട്ടിക്കുകയാണ് ചെയ്തത്. ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് കേരള പൊലീസിന്റെ കഴിവു കൊണ്ട് മാത്രമാണ്. ദിലീപിനെതിരെ 19 തെളിവുകളാണ് പൊലീസിന്റെ പക്കല്‍ ഉള്ളത്. നടന്റെ അറസ്റ്റിലേക്ക് നയിച്ച നിര്‍ണായ തെളിവുകളിലൊന്ന് 12 സെക്കന്റ് നീണ്ടു നിന്ന ഫോണ്‍ കോളാണ്.
നിര്‍മ്മാതാവ് ആന്റോ ജോസഫുമായുള്ള ദിലീപിന്‍റെ ആ നിര്‍ണായക ഫോണ്‍ കോളാണ് സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് പൊലീസിന് സംശയം തോന്നാന്‍ കാരണം. നടി ആക്രമിക്കപ്പെട്ട കാര്യം ദിലീപിനെ വിളിച്ചറിയിക്കാന്‍ ആന്റോ ജോസഫ് ദിലീപിനെ വിളിച്ച ഫോണ്‍ കോള്‍ 12 സെക്കന്റില്‍ ദിലീപ് കട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍ ഗൗരവകരമായ വിഷയം ആദ്യമായി അറിയുന്നൊരാള്‍ എന്ത് കൊണ്ട് പന്ത്രണ്ട് സെക്കന്റില്‍ കോള്‍ കട്ട് ചെയ്തു എന്ന സംശയം പൊലീസിന് തുടക്കം മുതല്‍ ഉണ്ടായിരുന്നു.
ആന്റോ ജോസഫാണ് വിവരം സിനിമാ രംഗത്തെ എല്ലാ പ്രമുഖരെയും വിളിച്ച് അറിയിച്ചത്. അക്കൂട്ടത്തില്‍ ദിലീപിനേയും വിളിക്കുകയുണ്ടായി. എന്നാല്‍, പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ ദിലീപ് നടി ആക്രമിക്കപ്പെട്ട വിവരം താനറിയുന്നത് രാവിലെ 9 മണിക്കാണെന്നാണ് ദിലീപ് പൊലീസിന് മൊഴി നല്‍കിയത്. ഈ വൈരുദ്ധ്യം പൊലീസിന്റെ സംശയം ബലപ്പെടുത്തുകയായിരുന്നു.