മലയാളം സംസാരിച്ചതിന് വിദ്യാര്‍ഥിയുടെ പുറത്ത് അധ്യാപിക പോസ്‌റ്റര്‍ ഒട്ടിച്ചു
മൂന്നാം ക്ലാസ് വിദ്യാര്‍ഥി ക്ലാസില്‍ ഇംഗ്ലീഷിനു പകരം മലയാളം സംസാരിച്ചു എന്നതിന്‍റെ പേരില്‍ അധ്യാപിക വിദ്യാര്‍ഥിയുടെ ഷര്‍ട്ടില്‍ പോസ്റ്റര്‍ ഒട്ടിച്ചു. തൊടുപുഴ കാളിയാര്‍ ജയറാണി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയും നാഗാലാന്‍ഡ് സ്വദേശിയുമായ അസന്‍ എന്ന അധ്യാപികയാണ് ശിക്ഷാ നടപ്പാക്കിയത്.
ഫെബ്രുവരി ഒന്‍പതാം തീയതി വ്യാഴാഴ്ചയാണ് അധ്യാപിക "ഞാന്‍ അനുസരണയില്ലാത്തയാളാണ്" എന്നും എപ്പോഴും മലയാളമേ സംസാരിക്കൂ" എന്നും എഴുതിയ പേപ്പര്‍ കുട്ടിയുടെ ഷര്‍ട്ടില്‍ ക്ലിപ്പ് ചെയ്തത്. മാനസികമായി കുട്ടികളെ ഇത്തരം സംഭവങ്ങള്‍ തളര്‍ത്തുമെന്ന് കാരണത്താല്‍ അധ്യാപികയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് 75 പ്രകാരമാണ് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
പരാതിയെ തുടര്‍ന്ന് പൊലീസ് അധ്യാപികയെ അറസ്റ്റ് ചെയ്‌ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. പിന്നീട് അധ്യാപികയെ സ്കൂളില്‍ നിന്ന് നീക്കിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ട്.