സുരേഷ് ഗോപിക്ക് തരൂരിന്റെ ഉപദേശം; സ്വയം മണ്ടനാകരുത്!

വെള്ളി, 30 ജനുവരി 2015 (11:03 IST)
എത്ര വിമര്‍ശനം ഉണ്ടായിട്ടും മോഡി ഭക്തിയില്‍ നിന്ന് അണുവിട മാറാത്ത സൂപ്പര്‍ താരം സുരേഷ് ഗോപിയെ ഉപദേശിച്ച് നന്നാക്കാന്‍ എംപി ശശി തരൂര്‍ രംഗത്ത്.  ബിജെപി പ്രവേശനത്തിലൂടെ രാഷ്ട്രീയത്തില്‍ ഹരീശ്രീ കുറിക്കാന്‍ കാത്തുനില്‍ക്കുന്ന സിനിമാനടന്‍ സുരേഷ് ഗോപിക്ക് സ്വയം മണ്ടനാകാന്‍ ശ്രമിക്കരുത് എന്നാണ് തരൂര്‍ നല്‍കിയ ഉപദേശം. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ സുരേഷ് ഗോപിയെ ഉപദേശിച്ച് നന്നാക്കാന്‍ ശ്രമിച്ചത്. 
 
കേരളത്തില്‍ താര രാഷ്‌ട്രീയത്തിന്‌ സ്‌ഥാനമില്ല. താരങ്ങളെ ആരാധിക്കാന്‍ കേരളം തമിഴ്‌നാടോ ആന്ധ്രയോ അല്ല, ബിജെപിയുടെ സെലിബ്രിറ്റി പൊളിറ്റിക്‌സ് കേരളത്തില്‍ വിജയിക്കുമെന്ന്‌ കരുതുന്നില്ല. അത്‌ ആന്ധ്രയിലും തമിഴ്‌നാട്ടിലും വിജയിക്കും. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ മാറിവരുന്നോ എന്നറിയില്ല. സുരേഷ്‌ ഗോപി തന്റെ സുഹൃത്താണ്‌. എന്നാല്‍, സ്വയം മണ്ടനാവരുത്‌- ഇങ്ങനെ പോകുന്നു ആത്മാര്‍ഥ സുഹൃത്തിനുള്ള തരൂരുന്റെ ഉപദേശം.
 
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്‌ തരുര്‍ രാജിവച്ചേക്കുമെന്നും അങ്ങനെയെങ്കില്‍ സുരേഷ്‌ഗോപി ബിജെപി സ്‌ഥാനാര്‍ഥിയായേക്കുമെന്നുമുളള പ്രചരണങ്ങള്‍ ശക്‌തമായിരിക്കെയാണ്‌ തരുരിന്റെ പ്രതികരണം. എന്നാല്‍ തിരുവനന്തപുറ്റ്രം സീറ്റില്‍ കണ്ണുവച്ചിട്ടുള്ള സ്വന്തം പാര്‍ട്ടിയിലെ സ്ഥാനാര്‍ഥി മോഹികള്‍ക്കും കിട്ടി തരൂരിന്റെ വക ചുട്ട മറുപടി. താന്‍ രാജിവയ്‌ക്കുകയില്ല. തിരുവനന്തപുരത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ ഉണ്ടാകില്ല. സ്‌ഥാനാര്‍ഥിമോഹികള്‍ നാലര വര്‍ഷം കാത്തിരിക്കണമെന്നുമാണ് തരൂര്‍ പറഞ്ഞു നിര്‍ത്തിയത്. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക