‘മാധ്യമങ്ങള്‍ക്കെതിരെ ജനം തെരുവിലറങ്ങുന്ന കാലം വിദൂരമല്ല‘
ശനി, 6 ഡിസംബര്‍ 2014 (11:27 IST)
മാധ്യമങ്ങള്‍ക്ക് എല്ലാവരേയും വിമര്‍ശിക്കാം, എന്നാല്‍ മാധ്യമങ്ങളെ എല്ലാവരും വിമര്‍ശിച്ചാലോ, ആരും വിമര്‍ശിച്ചില്ലെങ്കില്‍ സുരേഷ ഗോപി വിമര്‍ശിക്കും കാരണം സുരേഷ് ഗോപി അങ്ങനെയാണ്.. ഉള്ള കാര്യം മുഖത്ത് നോക്കി അങ്ങ് പറയും. അതിന്റെ പേരില്‍ അദ്ദേഹത്തെ ക്രൂശിക്കാന്‍ പിന്നാലെ ആളുകള്‍ വരുമെന്നത് മറ്റൊരു കാര്യം.
മോഡിയെ പോയിക്കണ്ടതിന്റെ പേരില്‍ നാടുനീളെ നാറ്റിച്ച മാധ്യമങ്ങളെ മുഴുവന്‍ മുമ്പില്‍ കിട്ടിയാല്‍ പിന്നെ വെറുതേ വിടുമൊ. മനസില്‍ തോന്നിയ രോഷം അദ്ദേഹം പ്രകടിപ്പിക്കുക തന്നെ ചെയ്തു. മാധ്യമങ്ങള്‍ സ്വയം വിമര്‍ശനത്തിന് തയ്യാറായില്ലെങ്കില്‍ മാധ്യമങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ജനങ്ങള്‍ തെരുവില്‍ ഇറങ്ങുന്ന കാലം അത്ര അകലെയല്ലെന്ന രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്.
രുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ മാധ്യമ വിമര്‍ശനം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അനുസ്മരണ സിമ്പോസിയം ആയിരുന്നു വേദി. മാദ്ധ്യമ മേഖല പുനരുജ്ജീവിപ്പിക്കേണ്ട അനിവാര്യകാലത്തിലൂടെയാണ് നാം കടന്നുപോവുന്നതെന്നും മാദ്ധ്യമങ്ങള്‍ സ്വയം വിമര്‍ശനത്തിന് തയ്യാറാകണമെന്നും പറഞ്ഞുകൊണ്ടാണ് താരം തന്റെ പ്രസംഗം തുടങ്ങിയത്.
മാദ്ധ്യമങ്ങള്‍ പലപ്പോഴും യാഥാര്‍ത്ഥ്യത്തില്‍ നിന്നകന്നാണ് സഞ്ചരിക്കുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത ഉളവാക്കുന്നുണ്ട്. മാദ്ധ്യമങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ട സാഹചര്യമുണ്ടാകും. പത്രപ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന് അമൂല്യ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് സ്വദേശാഭിമാനിയുടേത്. രാമകൃഷ്ണപിള്ളയുടെ കാലഘട്ടത്തില്‍ നിന്ന് ഇങ്ങോട്ടെത്തുമ്പോള്‍ പത്രപ്രവര്‍ത്തന മേഖല സൗകര്യങ്ങളുടെ പാരമര്യതയിലാണ്. മാദ്ധ്യമ വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ട സംഭവബഹുലമായ ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ട്. അതില്‍ നിന്ന് പുതുതലമുറയ്ക്ക് ഊര്‍ജ്ജം ഉള്‍ക്കൊള്ളണം- സുരേഷ് ഗോപി പറഞ്ഞു.