മണ്ണിന്റെ മണമുള്ള മന്ത്രിയെ പുകഴ്‌ത്തി ബിജെപിയും; പിണറായി സര്‍ക്കാരില്‍ കൈയടി നേടിയ ആദ്യ തീരുമാനം സുനില്‍ കുമാറിന്റെ വക - കൃഷിമന്ത്രി ലക്ഷ്യം വയ്‌ക്കുന്നത് ആരെ ?
തിങ്കള്‍, 13 ജൂണ്‍ 2016 (16:51 IST)
പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രാരംഭഘട്ടത്തില്‍ തന്നെ ജനകീയമായ തീരുമാനങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ചു. എന്നാല്‍, ഏവരെയും സംതൃപ്‌തമാക്കുന്ന തീരുമാനമാണ് കൃഷി മന്ത്രി ഇന്ന് അറിയിച്ചത്. യുഡിഎഫ് സര്‍ക്കാരിനെ വിവാദത്തിലാക്കിയ മെത്രാന്‍ കായല്‍, ആറന്മുള ഭൂമികളില്‍ കൃഷിയിറക്കുമെന്ന സര്‍ക്കാരിന്റെ തീരുമാനമാണ് സര്‍ക്കാരിനും കൃഷിമന്ത്രി സുനില്‍ കുമാറിനും കൈയടി സമ്മാനിച്ചത്.
സര്‍ക്കാരിന്റെ തീരുമാനത്തിന് പ്രകൃതി സ്‌നേഹികളുടെയും ബിജെപിയുടെയും പിന്തുണകൂടി ലഭിച്ചതോടെ യുഡിഎഫ് ഭരണകാലത്ത് കൃഷിയിടങ്ങളെല്ലാം വിറ്റു തിന്നവര്‍ സമ്മര്‍ദ്ദത്തിലായി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിരവധി ഭൂമി കുംഭകോണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ മുന്‍ സര്‍ക്കാരിനെ വെട്ടിലാക്കിയതും നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയത്തിന് വഴിവെക്കുകയും ചെയ്‌തത് മെത്രാന്‍ കായല്‍ നികത്താനുള്ള തീരുമാനമായിരുന്നു. അന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ എല്‍ഡിഎഫിനായി കൃഷിക്കും മണ്ണിനും വേണ്ടി പോരിനിറങ്ങിയത് സുനില്‍ കുമാറായിരുന്നു. ആറന്മുളയിലെ വിമാനത്താവള വിരുദ്ധ സമരത്തിലും പരസ്ഥിതി സ്‌നേഹികള്‍ക്ക് കരുത്തായി അദ്ദേഹം സമരമുഖത്തിറങ്ങി.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വളര്‍ന്നുതുടങ്ങിയ ഭൂമാഫിയെ ചങ്ങലയ്‌ക്ക് ഇടാന്‍ വേണ്ടിയുള്ളതായിരുന്നു മെത്രാന്‍ കായലില്‍ കൃഷിയിറക്കുക എന്ന സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ ഉപയോഗശൂന്യമായ ഭൂമികള്‍ ലക്ഷ്യം വച്ച് ഫ്ലാറ്റ് ലോബികളും ഭൂ മാഫിയകളും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് തരിശായി കിടക്കുന്ന പ്രദേശങ്ങള്‍ സന്നദ്ധ സംഘടനകളുടെയും പ്രാദേശിക യൂണിറ്റുകളുടെയും സഹായത്തോടെ കൃഷിയിറക്കുമെന്ന് സുനില്‍ കുമാര്‍ വ്യക്തമാക്കിയത്.
മെത്രാന്‍ കായല്‍ വിഷയത്തില്‍ നിയമപരവും സാങ്കേതികപരവുമായ കാര്യങ്ങള്‍ പരിശോധിച്ച് പതിനേഴിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃഷി സെക്രട്ടറി രാജു നാരായണ സ്വാമിക്ക് കൃഷിമന്ത്രി നിര്‍ദേശം നല്‍കി. 2008ലെ നെല്‍വയല്‍ സംരക്ഷണ നിയമം കര്‍ശനമാക്കും. മുന്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് എഴുപതുശതമാനം പൂര്‍ത്തീകരിച്ച ഡാറ്റാബാങ്ക് നിര്‍മാണം ആറുമാസത്തിനകം പൂര്‍ത്തിയാക്കും. ഐ എസ് ആര്‍ ഒയുടെ സഹായത്തോടെയാകും ഡാറ്റാബാങ്ക് പൂര്‍ത്തിയാക്കുക. ഇതോടെ കൃഷിഭൂമി നികത്താന്‍ കഴിയാത്ത സ്ഥിതിയും ഉണ്ടാകും. ഇതാണ് സുനില്‍ കുമാര്‍ ലക്ഷ്യം വയ്‌ക്കുന്നത്.
സ്വകാര്യ ടൂറിസം പദ്ധതിക്കായി മെത്രാന്‍ കായലില്‍ 378 ഏക്കര്‍ നികത്താനുള്ള ഉത്തരവ് നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു. പിന്നീട് പദ്ധതി വിവാദമായതോടെ യു ഡി എഫ് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. മെത്രാന്‍ കായല്‍ പ്രദേശത്ത് ടൂറിസം പദ്ധതികള്‍ നടപ്പാക്കാന്‍ റക്കിന്‍ഡോ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് എന്ന കമ്പനിക്കും ഇതിന്റെ 14 ഉപസ്ഥാപനങ്ങള്‍ക്കുമാണ് 378 ഏക്കര്‍ ഭൂമി നികത്താന്‍ അനുമതി നല്‍കിയത്. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ 2007 മുതല്‍ തരിശുകിടക്കുന്ന നിലമാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി നല്‍കിയത്.
കൃഷി മന്ത്രിയുടെ തീരുമാനം യു ഡി എഫിന് തിരിച്ചടിയാകുന്നത് എങ്ങനെ ?
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്ത് എടുത്ത വിവാദപരമായ തീരുമാനമായിരുന്നു മെത്രാന്‍ കായല്‍ ഭൂമി നികത്തുക എന്നത്. അന്നത്തെ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെ അടക്കമുള്ളവരെ മുള്‍ മുനയില്‍ നിര്‍ത്തുന്ന തീരുമാനമായിരുന്നു ഇത്. കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്‍ ഈ തീരുമാനത്തിനെതിരെ യു ഡി എഫ് യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും നടക്കുന്നത് തീവെട്ടിക്കൊള്ളയാണെന്നും തുറന്നടിക്കുകയും ചെയ്‌തിരുന്നു. മെത്രാന്‍ കായല്‍ വിഷയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോയെങ്കിലും ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ ഭൂമി നികത്താനുള്ള തീരുമാനത്തെ ന്യായീകരിക്കുകയും ചെയ്‌തിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ദിവസങ്ങള്‍ക്കകം മെത്രാന്‍ കായല്‍ വിഷയത്തില്‍ ജനങ്ങളുടെ മനസ് അറിഞ്ഞ തീരുമാനമെടുകാന്‍ സര്‍ക്കാരിനായി. ആറന്മുളയിലും മെത്രാന്‍ കായലിലും കൃഷിയിറക്കുമെന്ന കൃഷിമന്ത്രിയുടെ തീരുമാനത്തെ ബിജെപിക്ക് പോലും പ്രശംസിക്കേണ്ടിവന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ യു ഡി എഫ് നേതാക്കള്‍ എന്തുപറയുമെന്നാണ് ഏവരും ശ്രദ്ധിക്കുന്നത്. പ്രകൃതി സ്‌നേഹികളുടെയും കൃഷിക്കായി വാദിക്കുന്നവരും ഇരുകൈയും നീട്ടി ഈ തീരുമാനം സ്വീകരിക്കുകയും ചെയ്‌തു.