കഞ്ചാവ് വിൽപ്പന നടത്തിയ യുവാക്കൾ അറസ്റ്റിൽ; രക്ഷപെട്ടവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്ന് പൊലീസ്

Webdunia
ചൊവ്വ, 29 മാര്‍ച്ച് 2016 (19:21 IST)
വ്യാപകമായ രീതിയിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന പ്രമുഖ ഗുണ്ടാസംഘത്തിലെ പ്രധാനികൾ പൊലീസ് പിടിയിൽ. പെരുമ്പാവൂര്‍ ശ്രീശങ്കരാ വിദ്യാപീഠം കോളെജിന്‌ സമീപത്ത് വിദ്യാർഥികൾ എന്ന വ്യാജേന വീട് വാടകയ്ക്കെടുത്താണ് കഞ്ചാവ് വിൽപ്പന നടത്തി വന്ന യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
കണ്ണൂര്‍ പെരിങ്കരി ദേശത്ത്‌ മലയിലില്‍ വീട്ടില്‍ അമല്‍കൃഷ്‌ണന്‍(20), പള്ളിക്കവല നടപ്പറമ്പില്‍ വീട്ടില്‍ ഫാസില്‍ എന്ന്‌ വിളിക്കുന്ന ഫസല്‍ (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനെത്തുടർന്ന് എക്‌സൈസ്‌ സ്‌ക്വാഡ്‌ നടത്തിയ പരിശോധനയിലാണ് യുവാക്കളെ കസ്റ്റ്‌ഡിയിലെടുത്തത്. പ്രതിയായ ഫാസില്‍ മുന്‍പും കഞ്ചാവ്‌ കേസില്‍ പ്രതിയായിരുന്ന ആളാണ്‌.
 
പരിശോധനയ്ക്കിടയിൽ പ്രതികളുടെ കൂടെയുണ്ടായിരുന്ന ഏണസ്‌റ്റ് ജെറിന്‍,മത്തായി എന്നിവർ ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. 3 കിലോ കഞ്ചാവും, 2 ആംപ്യൂളുകള്‍, 14 നൈട്രസെപാം ഗുളികകള്‍, വടിവാള്‍, കഠാര, കുറുവടി തുടങ്ങിയ മാരകായുധങ്ങളും പ്രതികളിൽ നിന്നും പൊലീസ് പിടികൂടിയിട്ടുണ്ട്.