കഴിഞ്ഞ ഏതാനും വര്‍ഷക്കാലമായി എസ്എസ്എല്‍സി പരീക്ഷയില്‍ 98-99 ശതമാനം വിജയമാണ് സംസ്ഥാനം നേടുന്നത്. പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ഥികളും വിജയിക്കുന്നു എന്ന രീതിയില്‍ എസ്എസ്എല്‍സി മാറി എന്നത് സംസ്ഥാനത്തിന്റെ വിദ്യഭ്യാസ നിലവാരം കുറയ്ക്കുന്നു എന്ന പരാതികള്‍ പല കോണില്‍ നിന്നും ഉയരുന്നതിനിടെ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിക്കാന്‍ എഴുത്തുപരീക്ഷയില്‍ മിനിമം മാര്‍ക്ക് വേണമെന്ന പഴയ രീതി സര്‍ക്കാര്‍ തിരികെകൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. എസ്എസ്എല്‍സി ഫലപ്രഖ്യാപന സമയത്ത് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തിരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. എങ്കിലും അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി എഴുത്തുപരീക്ഷയില്‍ ഓരോ വിഷയത്തിനും 30% മാര്‍ക്ക് നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.നിലവില്‍ നിരന്തര മൂല്യനിര്‍ണയത്തിലൂടെ സ്‌കൂള്‍ തലത്തില്‍ ലഭിക്കുന്ന 20 ശതമാനം മാര്‍ക്ക് കൂടി ചേര്‍ത്താണ് ഉപരിപഠന യോഗ്യതയ്ക്ക് വേണ്ട 30% കണക്കാക്കുന്നത്. സ്‌കൂളുകള്‍ നല്‍കുന്ന നിരന്തര മൂല്യനിര്‍ണ്ണയം മിക്ക വിദ്യാര്‍ഥികള്‍ക്കും പൂര്‍ണ്ണമായി നല്‍കാറുണ്ട് എന്നതിനാല്‍ പരീക്ഷയില്‍ വിജയിക്കാനായി എഴുത്തുപരീക്ഷയില്‍ 10% മാര്‍ക്ക് മാത്രം നേടിയാല്‍ മതിയെന്നതാണ് സ്ഥിതി.
എസ്എസ്എല്‍സി വിജയശതമാനം ഉയര്‍ന്നുവെങ്കിലും പ്ലസ് വണ്ണില്‍ യോഗ്യത നേടുന്ന പല വിദ്യാര്‍ഥികള്‍ക്കും സ്വന്തം പേര് പോലും തെറ്റുകൂടാതെ എഴുതാന്‍ അറിയില്ലെന്ന സ്ഥിതിയാണെന്ന് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ പറഞ്ഞത് സംസ്ഥാനത്ത് ചര്‍ച്ചയായിരുന്നു. പുതിയ പരിഷ്‌കാരം വരുന്നതോടെ അടുത്ത വര്‍ഷത്തോടെ എസ്എസ്എല്‍സിയുടെ വിജയശതമാനം കാര്യമായി കുറയാന്‍ സാധ്യതയുണ്ട്. വിദ്യഭ്യാസ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാകും മാറ്റം നടപ്പിലാക്കുക. ഹയര്‍സെക്കന്‍ഡറിക്ക് നിലവില്‍ എഴുത്തുപരീക്ഷയ്ക്ക് 30 ശതമാനം മാര്‍ക്കാണ് ഉപരിപഠനത്തിനായി വേണ്ടത്. ഈ മാതൃകയാകും എസ്എസ്എല്‍സിയിലും സ്വീകരിക്കുക.