ഇത്തവണ ശ്രീകൃഷ്ണ ജയന്തി ആഘോഷം വേണ്ടെന്ന് സിപിഎം തീരുമാനം. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീകൃഷ്ണ ജയന്തിക്ക് പകരം ചട്ടമ്പിസ്വാമിജയന്തി ആഘോഷിക്കുമെന്ന് സിപിഎം തീരുമാനിച്ചത് രണ്ട് ജയന്തികളും ഒരേ ദിനത്തില്‍ വരുന്നത് ഈവര്‍ഷം മാത്രമാണെന്ന സത്യം അറിയാതെ.
ആഗസ്റ്റ് 24 ഭരണിനാളിലാണ് ഈവര്‍ഷത്തെ ശ്രീകൃഷ്ണജയന്തി. ഭഗവാന്‍ കൃഷ്ണന്റെ ജനനം അഷ്ടമിരോഹിണി നാളില്‍ അര്‍ധരാത്രിയാണ്. തിഥിയനുസരിച്ച് ഇത്തവണ ഭരണിനാളില്‍ അര്‍ധരാത്രിയാണ് അഷ്ടമി വരുന്നത്. ഇതുകൊണ്ടാണ് 24 നു തന്നെ ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നത്. എന്നാണോ അഷ്ടമി അര്‍ധരാത്രിയില്‍ വരുന്നത് അന്നാണ് ശ്രീകൃഷ്ണജയന്തി ആഘോഷിച്ചുപോരുന്നത്.
ഇത് ഈവര്‍ഷത്തെ മാത്രം പ്രത്യേകതയാണ്. രണ്ട് ജയന്തികളും ഇതുപോലെ ഒത്തുവരാന്‍ ഇനി 11 വര്‍ഷമെങ്കിലും കാത്തിരിക്കണമെന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. ഇക്കാര്യമറിയാതെ എല്ലാവര്‍ഷവും രണ്ട് ജയന്തികളും ഒരേ ദിവസമായിരിക്കുമെന്ന തെറ്റിദ്ധാരണയിലാണ് ശ്രീകൃഷ്ണജയന്തിക്ക് പകരം ചട്ടമ്പിസ്വാമി ജയന്തി ആഘോഷിക്കാമെന്ന തീരുമാനത്തില്‍ സിപിഎം എത്തിച്ചേര്‍ന്നത്.