സരിത പറയുന്നത് പച്ചക്കള്ളം; താൻ സരിതയെ കണ്ടിട്ടില്ല- വിജിലൻസ് ഡയറക്ടർ
വെള്ളി, 5 ഫെബ്രുവരി 2016 (15:57 IST)
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായരെ ഇതുവരെ കണ്ടിട്ടില്ലെന്ന് വിജിലൻസ് ഡയറക്ടർ എൻ ശങ്കർ റെഡ്ഡി. പൊലിസ് സ്റേറഷനുകളിൽ സോളാർ വിളക്കുകൾ സ്ഥാപിക്കാൻ ഉത്തര മേഖലാ എഡിജിപി ആയിരിക്കെ താൻ ഉത്തരവിട്ടെന്ന സോളാര്‍ കമ്മീഷനിലെ സരിതയുടെ മൊഴി അടിസ്ഥാന രഹിതമാണ്. അത്തരത്തിലൊരു ഉത്തരവ് നടത്താന്‍ എഡിജിപിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലിസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് വന്ന ഒരു മിനിറ്റ്സിൽ പറഞ്ഞത് പ്രകാരം സ്റേറഷനുകളിൽ സോളാർ സ്ഥാപിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കാൻ താൻ എസ്പിമാർക്ക് നോട്ട് അയച്ചിരുന്നു. ഒരു എസ്പി യും അതിനു മറുപടി തന്നില്ല. അതിനാല്‍ ഫോളോഅപ്പും ഉണ്ടായില്ലെന്നും എൻ ശങ്കർ റെഡ്ഡി വ്യക്തമാക്കി.
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ എഡിജിപി ശങ്കര്‍ റെഡ്ഡി ഉത്തരവിറക്കിയെന്നും തുടര്‍ന്ന് എല്ലാ സ്റ്റേഷനുകളിലും സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ പ്രമേയം പാസാക്കുന്നതിനായി പൊലീസ് അസോസിയേഷന്‍ 20 ലക്ഷം രൂപ നല്‍കിയെന്നുമാണ് സരിത ഇന്ന് കമ്മീഷനോട് പറഞ്ഞത്.