യുഡിഎഫ് നേതൃയോഗം ഇന്ന്; ബാബുവിന്റെ രാജിക്കാര്യവും സരിതയുടെ ആരോപണങ്ങളും ചര്‍ച്ചയ്‌ക്ക്

ശനി, 30 ജനുവരി 2016 (08:26 IST)
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ തൊടുത്തുവിട്ട ആരോപണങ്ങളില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന യുഡിഎഫ് ഇന്ന് യോഗം ചേരും. രാവിലെ പതിനൊന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലാണ് യോഗം.  

കെ ബാബു രാജി പിന്‍വലിച്ചു മന്ത്രിസഭയില്‍ തുടരണമെന്നാണു മുഖ്യമന്ത്രിയുടെ ആഗ്രഹമെങ്കിലും വിഷയം യോഗത്തിലെ പ്രധാന ചര്‍ച്ചയാകും. സരിതയുടെ ആരോപണങ്ങളെ നിഷേധിച്ച് മാത്രം മുന്നോട്ടുപോകാനാവില്ലെന്ന് യുഡിഎഫില്‍ ഒരു വിഭാഗം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പ്രതിരോധത്തിലാകുമെന്നാണ് റിപ്പോര്‍ട്ട്. സരിതയുടെ ആരോപണങ്ങള്‍ കളവാണെങ്കില്‍ അതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ഘടകകക്ഷികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, മുന്നണി ഒറ്റക്കെട്ടായി ഉമ്മന്‍ചാണ്ടിക്ക് പിന്നില്‍  ഉറച്ചുനില്‍ക്കുന്നെന്ന് പ്രഖ്യാപിക്കാനും യോഗം തയാറാകും.

തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധി ഹൈക്കോടതി സ്റേ ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കു പിന്തുണ നല്‍കുന്ന കാര്യവും ചര്‍ച്ച ചെയ്യും. ആരോപണങ്ങളുടെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ സമരം പ്രഖ്യാപിച്ച ഇടതുമുന്നണിയുടെ തീരുമാനത്തിനെതിരെ  ജനകീയ കണ്‍വന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കണമെന്ന നിര്‍ദേശവും ഉയരും.ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന ചൂണ്ടിക്കാട്ടി ശക്തമായ പ്രചാരണപരിപാടികള്‍  സംഘടിപ്പിക്കാനുള്ള തീരുമാനവും ഉണ്ടാവും.

വെബ്ദുനിയ വായിക്കുക