സോളാർ: ഉമ്മന്‍ചാണ്ടിയില്‍ നിന്നും തിരുവഞ്ചൂരില്‍ നിന്നും തെളിവെടുക്കും
ബുധന്‍, 17 ഡിസംബര്‍ 2014 (12:24 IST)
സര്‍ക്കാരിനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും മുള്‍മുനയില്‍ നിര്‍ത്തിയ സോളാർ തട്ടിപ്പു കേസിൽ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിലെ സ്റ്റാഫിനെയും സാക്ഷികളായി വിസ്തരിക്കും. ഏറ്റവും ഒടുവിലായിരിക്കും ഇവരില്‍ നിന്നു തെളിവെടുക്കുക.
ആരോപണവിധേയരായ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരില്‍ നിന്നും. സോളാർ കേസിലെ മുഖ്യപ്രതികളായ സരിതാ എസ് നായർ, ബിജു രാധാകൃഷ്ണൻ, ശാലുമേനോന്‍ എന്നിവരില്‍ നിന്നും എന്നിവരുമായി ഫോണിൽ ബന്ധപ്പെട്ട മന്ത്രിമാർ, എംപിമാർ എന്നിവരിൽ നിന്നും തെളിവെടുക്കും.
സോളാര്‍ ആരോപണം ഉയര്‍ന്ന സമയത്ത് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്നും തെളിവുകള്‍ ശേഖരിക്കും. നിയമസഭയ്ക്ക് അകത്തു പുറത്തും ആരോപണം ഉന്നയിച്ച എംഎല്‍എമാരേയും വിസ്തരിക്കും. കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുക്കാനും തീരുമാനമായി.
സോളാർ കേസിലെ സാക്ഷിപ്പട്ടിക ഇതേക്കുറിച്ച് അന്വേഷിക്കുന്ന ജുഡിഷ്യൽ അന്വേഷണ കമ്മിഷൻ നേരത്തെ തയ്യാറാക്കിയിരുന്നു. ഈ പട്ടിക ക്രോഡീകരിച്ചാണ് വിസ്തരിക്കേണ്ട 48 പേരുടെ ഏകദേശ പട്ടിക ഇപ്പോൾ തയ്യാറാക്കിയത്. പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുള്ള എംപിമാരെയും എംഎല്‍എമാരെയും വിസ്തരിക്കും.