ഉമ്മന്‍ചാണ്ടിയും ആര്യാടനും രാജിവെച്ച് മാതൃക കാണിക്കണം: കോടിയേരി

ബുധന്‍, 27 ജനുവരി 2016 (14:04 IST)
സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനും രൂപ കൈക്കൂലി നല്‍കിയെന്ന് സരിത എസ് നായര്‍ മൊഴി നല്‍കിയതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആര്യാടൻ മുഹമ്മദും രാജിവെച്ച് മാതൃക കാണിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

സോളാര്‍ തട്ടിപ്പ് കേസില്‍ ആര്യാടൻ മുഹമ്മദിനും പങ്കുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. കേസിന്റെ ഉറവിടം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണ്. അദ്ദേഹം പറഞ്ഞിട്ടാണ് സരിത ആര്യാടനടക്കമുള്ള മന്ത്രിമാരെ കണ്ടത്. സരിതയുമായി സംസാരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് തെറ്റാണ്. ജോപ്പന്‍റെ ഫോൺ വഴി മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും സരിത മൊഴി നൽകിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. കമ്മീഷനെ തെറ്റീദ്ധരിപ്പിച്ച മുഖ്യമന്ത്രി രാജിവെക്കകയാണ് വേണ്ടത്. രാജൻ കേസില്‍ കെ കരുണാകരൻ കാണിച്ച മാതൃക സ്വീകരിക്കാൻ ഉമ്മൻചാണ്ടി തയാറുണ്ടെയെന്നും കോടിയേരി ചോദിച്ചു.

ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം രൂപയും മുഖ്യമന്ത്രിക്ക് 1.90 ലക്ഷം രൂപയും കൈക്കൂലി നല്‍കിയെന്നാണ് സരിത സോളാര്‍ അന്വേഷണ കമ്മീഷനു മുമ്പാകെ മൊഴി നല്‍കിയത്. ജയിലില്‍ നിന്ന് ഇറങ്ങിയതിനു ശേഷം താന്‍ ഈ പണം തിരികെ ചോദിച്ചെങ്കിലും പണം തരാന്‍ മന്ത്രി തയ്യാറായില്ലെന്നും സരിത അന്വേഷണ കമ്മീഷനോട് പറഞ്ഞു.

2011 ജൂണിലാണ് താന്‍ ആദ്യമായി മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആര്യാടന്‍ മുഹമ്മദിനെ കണ്ടത്. ഗണേഷ് കുമാറിന്റെ പി എ ആണ് മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി തന്നത്. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ജോപ്പന്റെ നമ്പര്‍ നല്കുകയും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിച്ചാല്‍ മതി എന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തെന്നും സരിത പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആര്യാടന്‍ മുഹമ്മദിനെ കണ്ടത്. പദ്ധതിയുമായി മുമ്പോട്ടു പോകുന്നതിനു തടസങ്ങള്‍ നേരിട്ട സമയത്ത് ആര്യാടന്‍ മുഹമ്മദിന്റെ പി എ ആയ കേശവനെ വിളിക്കുകയും കേശവന്‍ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍, 25 ലക്ഷം രൂപ ആര്യാടന്‍ മുഹമ്മദിന്റെ മുമ്പില്‍ വെച്ച് പി എയ്ക്ക് കൈമാറിയെന്നും സരിത കമ്മീഷനോട് പറഞ്ഞു. ബാക്കി 15 ലക്ഷം രൂപ ഒരു ചടങ്ങില്‍ വെച്ചാണ് കൈമാറിയതെന്നും അവര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക