സോളാര്‍ റിപ്പോര്‍ട്ട്; വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട് - മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

ചൊവ്വ, 19 ഡിസം‌ബര്‍ 2017 (13:25 IST)
സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാർത്താക്കുറിപ്പ് ഇറക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ വിമർശനം.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാർത്താക്കുറിപ്പ് ഇറക്കിയത് അനുചിതമാണെങ്കിലും  വിചാരണയ്ക്ക് മുമ്പ് എങ്ങനെ നിഗമനങ്ങളിൽ എത്താനാകുമെന്ന് ചോദിച്ച കോടതി വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് ചൂണ്ടിക്കാട്ടി. വ്യക്തിയെന്ന നിലയില്‍ പ്രതിച്ഛായ തകര്‍ക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകാന്‍ പാടില്ലെന്നും കോടതി വിലയിരുത്തി.

ഹര്‍ജി ഉച്ചകഴിഞ്ഞ് 1.45 ന് വീണ്ടും പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമാണ് ഉച്ചകഴിഞ്ഞ് കേള്‍ക്കുക.

സർക്കാരിന്‍റെ തുടർ നടപടി റദ്ദാക്കണമെന്നും സരിതയുടെ കത്തിലെ അപകീർത്തികരമായ പരാമർശം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശമുണ്ടായത്.

മുതിർന്ന കോൺഗ്രസ് നേതാവു കൂടിയായ കപിൽ സിബലാണ് ഉമ്മൻ ചാണ്ടിക്കായി ഹൈക്കോടതിയിൽ ഹാജരായത്. മുകുള്‍ റോഹ്ത്തഗിയാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നത്. നാളെയാണ് ഇദ്ദേഹം ഹാജരാവുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍