വെള്ളാപ്പള്ളിയെ അറസ്‌റ്റ് ചെയ്‌ത് ജയിലിലടയ്‌ക്കണം: വിഎസ്

തിങ്കള്‍, 30 നവം‌ബര്‍ 2015 (12:10 IST)
സമത്വമുന്നേറ്റ യാത്രയില്‍ കോഴിക്കോട് മാൻഹോള്‍ അപകടത്തില്‍ മരിച്ച നൗഷാദിനെ സര്‍ക്കാര്‍ സഹായിച്ച നടപടിയെ വിമര്‍ശിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. വെള്ളാപ്പള്ളിയുടെ പ്രസ്താന അങ്ങേയറ്റം നിഷ്ഠൂരവും പ്രതിഷേധാര്‍ഹവുമാണ്. എത്രയും വേഗം നടേശനെ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നൗഷാദ് മുസ്ലീമായതിനാലാണ് അദ്ദേഹത്തിന്റെ ഭാര്യയ്‌ക്ക് ജോലിയും സാമ്പത്തികസഹായവും സര്‍കുന്നതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്‌താവന. പ്രസ്‌‌താവനയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരനും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു.

വെള്ളാപ്പള്ളി നടേശന്‍ വർഗീയതയുടെ പ്രകടമായ രൂപമായി മാറിക്കഴിഞ്ഞുവെന്നു പിണറായി വിജയൻ പറഞ്ഞു. വെള്ളാപ്പള്ളിയുടേത് വർഗീയതയുടെ സ്വരമാണ്. അദ്ദേഹത്തിന്റെ ഇത്തരം ജൽപനങ്ങളെ കേരളത്തിലെ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസ്‌താവന വർഗീയ വികാരം ഇളക്കി വിടുന്ന തരത്തിലുള്ളതാണ്. ന്യൂനപക്ഷങ്ങൾക്കു നേരെ നടത്തുന്ന ഇത്തരം പ്രസ്‌താവനകള്‍ കേരളത്തിലെ ജനങ്ങൾ പുച്ഛിച്ചു തള്ളും. വെള്ളാപ്പള്ളിയുടെ ഈ ജൽപനങ്ങൾ കേരളത്തിലെ മതനിരപേക്ഷ സമൂഹവും ശ്രീനാരായണീയരും തിരിച്ചറിയണമെന്നും പിണറായി പറഞ്ഞു.

വെബ്ദുനിയ വായിക്കുക