ലാവ്‌ലിന്‍ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി വാങ്ങണമെന്ന്

വെള്ളി, 22 ജനുവരി 2016 (13:51 IST)
എസ് എൻ സി ലാവ്‌ലിൻ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മുമ്പ് സർക്കാർ അനുമതി വാങ്ങണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. ഇതോടെ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്.
 
കരിമ്പട്ടികയിൽപ്പെടുത്തുന്ന വിഷയത്തിൽ സർക്കാർ നൽകിയ നോട്ടീസിന് മറുപടി നൽകാൻ കമ്പനിക്ക് നാലാഴ്ച സമയം അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന രേഖകൾ കമ്പനിക്ക് സർക്കാർ കൈമാറണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
 
കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എസ് എന്‍ സി ലാവ്‌ലിന്‍ കമ്പനി വ്യാഴാഴ്ചയാണ് ഹൈക്കോടതിയെ സമീപിച്ചത്. 
 
ലാവ്‌ലിൻ കേസിൽ സി പി എം പി ബി അംഗം പിണറായി വിജയനെയും മറ്റ് പ്രതികളെയും സി ബി ഐ കുറ്റവിമുക്തരാക്കിയിരുന്നു. ഈ നടപടിക്കെതിരെ സർക്കാർ ഹൈകോടതിയിൽ ഹര്‍ജി സമർപ്പിച്ചിരുന്നു.
 
ഈ ഹര്‍ജിയുമായി ബന്ധപ്പെട്ട് ലാവ്‌ലിൻ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്ന ആവശ്യം വി എസ് അച്യുതാനന്ദന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഷാജഹാൻ കോടതിയിൽ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലാവ്‌ലിന്‍ കമ്പനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക