മലപ്പുറത്ത് 9 വർഷത്തിനിടെ ഒരു വീട്ടിൽ മരിച്ചത് 6 കുട്ടികൾ; പോസ്റ്റ്മോർട്ടം ചെയ്യാതെ സംസ്കാരമെല്ലാം ധൃതിയിൽ നടത്തി, അസ്വാഭാവിക മരണത്തിന് കേസെടുത്തു

ചിപ്പി പീലിപ്പോസ്

ചൊവ്വ, 18 ഫെബ്രുവരി 2020 (15:07 IST)
മലപ്പുറത്ത് തിരൂരിൽ ഒൻപത് വർഷത്തിനിടെ ഒരു വീട്ടിൽ മരിച്ചത് 6 കുട്ടികൾ. തിരൂര്‍ – ചെമ്പ റോഡില്‍ തറമ്മല്‍ റഫീഖ് – സബ്‌ന ദമ്പതിമാരുടെ മക്കളാണ് മരിച്ച എല്ലാ കുട്ടികളും. മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞാണ് അവസാനമായി മരണപ്പെട്ടത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. 
 
ഇന്ന് പുലർച്ചെയാണ് അവസാനത്തെ കുഞ്ഞ് മരിച്ചത്. പോസ്റ്റ്മോർട്ടം പോലും ചെയ്യാൻ നിൽക്കാതെ വളരെ പെട്ടന്ന് കുട്ടിയുടെ മാതാപിതാക്കൾ സംസ്കാരവും നടത്തുകയായിരുന്നു. ഇതോടെയാണ് സംഭവത്തിൽ ദുരൂഹത തോന്നിയ നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചത്.  
 
മരിച്ച കുട്ടികളില്‍ ആറില്‍ അഞ്ച് പേരും ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോഴാണ് മരിച്ചത്. ഒരു കുട്ടി മാത്രം മരണപ്പെട്ടത് 4 വയസുള്ളപ്പോഴാണ്. കുട്ടികൾക്ക് അപസ്മാരമായിരുന്നു എന്നാണ് മാതാപിതാക്കൾ മരണകാരണമായി പറയുന്നത്. ഇതില്‍ നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്.  
 
ഇന്ന് പുലർച്ചെ മരിച്ച കുഞ്ഞിനെ 10 മണിക്കുള്ളിൽ തന്നെ സംസ്കരിച്ചു. മരണപ്പെട്ട കുഞ്ഞുങ്ങളെ എല്ലാം ഈ വിധത്തിൽ തന്നെയായിരുന്നു സംസ്കരിച്ചിരുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് മാതാപിതാക്കളുടെ മൊഴിയെടുക്കും. മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനും സാധ്യതയുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍