ഷുക്കൂര്‍ വധക്കേസ്: അന്വേഷണം സിബിഐക്ക് വിടാനുള്ള ഉത്തരവിന് സ്റ്റേ

തിങ്കള്‍, 27 ജൂണ്‍ 2016 (16:31 IST)
ഷുക്കൂര്‍ വധക്കേസ് സംബന്ധിച്ച അന്വേഷണം സി ബി ഐക്ക് വിടാനുള്ള ഉത്തരവിന് സ്റ്റേ. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ ചെയ്തത്. പി ജയരാജന്‍, ടി വി രാജേഷ് എന്നിവര്‍ നല്കിയ അപ്പീലിലായിരുന്നു നടപടി. സി ബി ഐ അന്വേഷണം സ്റ്റേ ചെയ്ത ഡിവിഷന്‍ ബെഞ്ച് അന്വേഷണ നടപടികള്‍ നിര്‍ത്തി വെയ്ക്കാനും സി ബി ഐക്ക് നിര്‍ദ്ദേശം നല്കി.
 
കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു ഷുക്കൂര്‍ വധക്കേസ് അന്വേഷണം സി ബി ഐക്കു വിട്ട് ഹൈക്കോടതി ഉത്തരവിട്ടത്. ഒരുമാസം മുമ്പ് സി ബി ഐ സംഘം ലോക്കല്‍ പൊലിസില്‍ നിന്നു കേസ് ഡയറി കൈപ്പറ്റിയിരുന്നു.
 
2012 ഫെബ്രുവരി 20നാണ് കണ്ണപുരം കീഴറ വയലില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. അരിയിലില്‍ ആക്രമിക്കപ്പെട്ട പാര്‍ട്ടി ഓഫിസുകളും പ്രവര്‍ത്തകരുടെ വീടുകളും സന്ദര്‍ശിച്ച ശേഷം മടങ്ങിയ സി പി എം ജില്ലാസെക്രട്ടറി പി  ജയരാജനും ടി വി രാജേഷ് എം എല്‍ എയും സഞ്ചരിച്ച കാര്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെ ആയിരുന്നു ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്ന് കേസ് അന്വേഷിച്ച ലോക്കല്‍ പൊലിസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.
 
കേസില്‍ പി ജയരാജന്‍ 33 ആം പ്രതിയും ടി വി രാജേഷ് 32 ആം പ്രതിയുമാണ്.

വെബ്ദുനിയ വായിക്കുക