'അര്‍ജുന്റെ മൃതദേഹം ലോറിയുടെ ക്യാബിനുള്ളില്‍'; കണ്ടെത്തല്‍ 71 ദിവസത്തിനു ശേഷം

രേണുക വേണു

ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (16:03 IST)
Shiroor landslide - Arjun

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ഓടിച്ച ലോറിയുടെ കാബിന്‍ കണ്ടെത്തിയതായി സ്ഥിരീകരണം. കാബിനകത്ത് അര്‍ജുന്റേതെന്ന് സംശയിക്കുന്ന മൃതദേഹവും കണ്ടെത്തി. മൃതദേഹം ആരുടേതെന്ന് ഉറപ്പിക്കാന്‍ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കും. 71 ദിവസത്തിനു ശേഷമാണ് കാണാതായ ലോറിയും അര്‍ജുന്റേതെന്ന് കരുതുന്ന മൃതദേഹവും കണ്ടെത്തിയത്. അര്‍ജുന്‍ ഓടിച്ച ലോറിയാണ് കണ്ടെത്തിയതെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചു. 
 
നാവികസേന മാര്‍ക്ക് ചെയ്ത എല്ലാ ഭാഗത്തും തെരച്ചില്‍ നടത്തിയതിനു പിന്നാലെയാണ് ലോറി കണ്ടെത്തിയത്. ജൂലൈ 16-ാം തിയതിയാണ് ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. ചായക്കടയുടെ മുന്നില്‍ നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പെടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചു. 
 
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിയുടെ ക്യാബിന്‍ തകര്‍ന്ന നിലയിലായിരുന്നു. ഗംഗാവാലിപ്പുഴയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മേജര്‍ ഇന്ദ്രബാലന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിന്റെ ഭാഗമായാണ് ട്രക്ക് കണ്ടെത്തിയത്. കാര്‍വാര്‍-കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പെടെ നാല് ലോറികള്‍ സമീപത്തുള്ള ഗംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിപ്പോയി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍