സര്‍ജറിക്ക് മുമ്പ് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നുപോയിരുന്നു. ഒരു സര്‍ജറി കഴിഞ്ഞ് രണ്ടാഴ്‍ചയായാല്‍ ആരോഗ്യം നേരെയാവും. പിന്നീട് ഒരുമാസം റെസ്റ്റ് എടുക്കും. പിന്നെ അഭിനയിക്കാന്‍ പോവും. അങ്ങനെയാണ് ഇതുവരെയുള്ള സര്‍ജറിയ്ക്ക് പണം കണ്ടെത്തിയത്- ശരണ്യ വീഡിയോയില്‍ പറയുന്നു. ശരണ്യ ഇന്ന് വേദനയുടെ ലോകത്താണ്. മരണത്തെ മുഖാമുഖം കാണുകയാണ്. ബ്രെയിൻ ട്യൂമര്‍ എന്ന അസുഖം ബാധിച്ച് ഏഴ് വര്‍ഷമായി ചികിത്സയിലാണ്. തലചായ്‍ക്കാൻ ഒരിടംപോലുമില്ലാതെ വാടകവീട്ടിലാണ് താമസമെന്ന് വീഡിയോയ്‍ക്ക് അടിക്കുറിപ്പായി എഴുതിയിരിക്കുന്നു.
നേരത്തെ സാമൂഹ്യപ്രവര്‍ത്തകനായ സൂരജ് പാലക്കാരനും നടി സീമാ ജി നായരും ശരണ്യയുടെ അവസ്ഥ വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു. ശരണ്യ ഏഴാമത്തെ ശസ്‍ത്രക്രിയയ്‍ക്ക് പോകുന്നിതിനു മുമ്പായിരുന്നു സീമാ ജി നായര്‍ അവരുടെ അവസ്ഥ വ്യക്തമാക്കിയത്. ശരണ്യക്ക് ആറ് വര്‍ഷം മുമ്പ് ട്യൂമര്‍ വന്നിരുന്നു. അന്നൊക്കെ കലാകാരൻമാര്‍ സഹായിക്കുകയും ചെയ്‍തു. എന്നാല്‍ ഇപ്പോള്‍ ഓരോ വര്‍ഷവും ബ്രെയിൻ ട്യൂമര്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ വരുകയും, ഓരോ തവണയും ആശുപത്രിയിൽ എത്തി ഓപ്പറേഷൻ ചെയ്യുകയുമാണ്. ഏഴ് മാസം മുമ്പാണ് അവസാനമായി ഓപ്പറേഷൻ നടത്തിയത്. അത് ആറാമത്തെ സർജറി ആയിരുന്നു.
ഇപ്പോൾ ഏഴ് മാസത്തിനു ശേഷം ഏഴാമത്തെ സർജറിക്കായി ശരണ്യ പോകുകയാണ്. ഇത് കുറച്ച് ക്രിട്ടിക്കൽ ആണ്. ഒരുവശം ഏകദേശം തളർന്നുപോകുന്ന അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുന്നു. എന്നെപ്പോലെ കലാരംഗത്തുള്ള മറ്റുള്ളവർ ഓരോ ഓപ്പറേഷനും അവളെ സഹായിച്ചിട്ടുണ്ട്. എന്നാൽ ഓരോ വർഷവും വരുന്ന ഈ അസുഖത്തിൽ എല്ലാവർക്കും സഹായിക്കാൻ പരിമിതികളുണ്ടാകും. അവളായിരുന്നു ആ കുടുംബത്തിന്റെ അത്താണി. അവളിലൂടെയാണ് ആ കുടുംബം കഴിഞ്ഞുപോയിരുന്നത്- സീമാ ജി നായര്‍ പറഞ്ഞിരുന്നു. അതിനുശേഷം രണ്ട് ശസ്‍ത്രക്രിയകള്‍ ശരണ്യക്ക് വേണ്ടിവന്നു.