അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 11 നവം‌ബര്‍ 2024 (12:45 IST)
Shanthigiri
കാഴ്ചയുടെ ഉത്സവം തീര്‍ത്ത ശാന്തിഗിരി ഫെസ്റ്റ് അനിയന്ത്രിതമായ ജനപ്രവാഹം മൂലം ഡിസംബര്‍ 1 വരെ നീട്ടാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പ്രതികൂലമായി ബാധിച്ചെങ്കിലും മഴ മാറി നിന്നതോടെ ജനം കൂട്ടമായി എത്തി. കാഴ്ചകള്‍ക്കൊപ്പം അറിവും ആനന്ദവും 
ആവേശവും നിറയ്ക്കുന്നതായിരുന്നു ഫെസ്റ്റിലെ ഓരോ ദിനവും.  ഒരു ദിവസം കൊണ്ട് കണ്ട് തീരാനാവാത്തത്ര കാഴ്ചകള്‍ ഉള്ളതിനാല്‍ ഫെസ്റ്റിന്റെ തുടക്കത്തില്‍ വന്നവര്‍ വീണ്ടുമെത്തി. 
 
പത്ത് ദിവസത്തേക്ക്  നീട്ടാനായിരുന്നു ആദ്യ ആലോചന . എന്നാല്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് ഡിസംബര്‍ 1 വരെ നീട്ടാന്‍ തീരുമാനിച്ചതെന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പറഞ്ഞു. 
നവംബര്‍ 10 ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ഫെസ്റ്റ് നീട്ടിയതായി അറിയിച്ചത്. തീയതി നീട്ടിയതോടെ  ആദ്യ ഘട്ടത്തില്‍ കണ്ട കാഴ്കള്‍ മാത്രമാവില്ല വരും ദിവസങ്ങളില്‍ ഉണ്ടാവുക. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സേനാ വിഭാഗങ്ങളുടെ യും പ്രദര്‍ശനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ പുതുമകള്‍ നിറയുമെന്ന് ഫെസ്റ്റ് കോര്‍ഡിനേഷന്‍ ഓഫീസ് അറിയിച്ചു. 
 
ഫെസ്റ്റ് സന്ദര്‍ശനത്തിനായി വിവിധ സ്‌കൂളുകളില്‍  നല്‍കിയിട്ടുള്ള പ്രവേശനപാസിനും നീട്ടിയ കാലാവധി ബാധകമാകും. അവധി ദിവസങ്ങളില്‍  ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 10 മണി വരെയും പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകിട്ട് 3 മണി മുതല്‍ രാത്രി 10 മണിവരെയുമാകും  പ്രവേശനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍