മലപ്പുറം: ജില്ലയിലെ സുരക്ഷാ അപരിശോധനയുമായി ബന്ധപ്പെട്ടു ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ഒറ്റ ദിവസം കൊണ്ട് വിവിധ ഇനത്തിലായി 9 ലക്ഷം രൂപ പിഴ ഇനത്തിൽ വസൂലാക്കി. ആകെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 790 .
ഇതിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് മാത്രം പിഴ ഈയിനത്തിൽ ഈടാക്കിയതാണ് ഒമ്പത് ലക്ഷം രൂപ. ഇതിൽ വിസ തട്ടിപ്പു കേസിൽ പണം വാങ്ങി മുങ്ങിയ പ്രതി ആലുവ സ്വദേശി വാഴക്കാല പറമ്പിൽ സാലിഹിനെ (60) 24 വർഷത്തിന് ശേഷം പിടികൂടിയതും ഉൾപ്പെടുന്നു.
പൊന്നാനിയിൽ ഇയാൾ ആദ്യഭാര്യയ്‌ക്കൊപ്പം താമസിക്കവെ വിസ നൽകാമെന്ന് പറഞ്ഞു പലരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങിയ ശേഷം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു.
ഇതിനൊപ്പം വളവന്നൂർ കുറുക്കോളിലെ രാമനാലിക്കൽ വീട്ടിൽ മുഹമ്മദ് അസ്ലമിന്റെ (32) കൈയിൽ നിന്ന് 80 ലക്ഷം രൂപയുടെ കുഴൽപ്പണവും പിടികൂടി. ഇത് കൂടാതെ ഒറ്റനമ്പർ ലോട്ടറിക്കാർ, ലഹരി വിൽപ്പനക്കാർ എന്നിവരും പിടിയിലായി.