മുഖ്യമന്ത്രിക്ക് പിടിവള്ളി; വിജിലന്‍സ് കോടതിയുടെ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു
വെള്ളി, 29 ജനുവരി 2016 (14:53 IST)
സോളാര്‍ കമ്മീഷനില്‍ സരിത എസ് നായര്‍ നല്‍കിയ മൊഴിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയും എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. രണ്ടു മാസത്തേക്കാണ് സ്‌റ്റേ നല്‍കിയിരിക്കുന്നത്. ജസ്‌റ്റീസ് പി ഉബൈദാണ് വിജിലന്‍സ് കോടതി ഉത്തരവ് സ്റേ ചെയ്തത്.
വിജിലന്‍സ് കോടതി ജഡ്‌ജി എസ്എസ് വാസനെതിരേ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് ഹൈക്കോടതി ജഡ്‌ജി ഉബൈദ് തുടങ്ങിയത്. ഇത്തരം ഉത്തരവുകള്‍ നിയമവാഴ്‌ചയ്‌ക്ക് ആശാസ്യമല്ല. വിജിലന്‍സ് ജഡ്ജിക്കെതിരേ നടപടി സ്വീകരിക്കുന്ന കാര്യം ഹൈക്കോടതി ഭരണ വിഭാഗം പരിഗണിക്കണം. സ്വന്തം അധികാരം എന്തെന്ന് ജഡ്‌ജിക്ക് അറിയത്തില്ലെ എന്നും. ഇങ്ങനെ ഒരു ജഡ്‌ജിയെ വെച്ച് എങ്ങനെ മുന്നോട്ടു പോകുമെന്നും ഹൈക്കോടതി പറഞ്ഞു.
തന്റെ പദവി പോസ്റ് ഓഫീസിനു തുല്യമാണെന്ന് കരുതരുത്. കോടതി വെളിപ്പെടുത്തലുകളുടെ പിന്നാലെ പോകരുതെന്നും അനാവശ്യ നിരീക്ഷണങ്ങളും പരാമര്‍ശവും ഒഴിവാക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിജിലൻസ് കോടതി വിധിയിൽ ഇടപെടാൻ കോടതിക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
അസാധാരണ സംഭവങ്ങളില്‍ അസാധാരണമായ വിധിയുണ്ടാകും. മുഖ്യമന്ത്രിയായാലും പ്രധാനമന്ത്രിയായാലും നീതി തുല്ല്യ നീതിയാണെന്നും വ്യക്തമാക്കിയായിരുന്നു തൃശൂര്‍ വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും. ആരൊപണങ്ങള്‍ അന്വേഷിക്കേണ്ടത് കോടതിയല്ലെന്നും പൊലീസാണെന്നും വ്യാഴാഴ്‌ച വ്യക്തമാക്കിയിരുന്നു.