സരിതയും ഗണേഷും കുടുങ്ങുമോ ?; അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി
ബുധന്‍, 22 നവംബര്‍ 2017 (15:35 IST)
സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത നായർക്കും കേരളാ കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെബി ഗണേഷ്കുമാറിനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി. കൊട്ടാരക്കര കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേസ് അടുത്ത മാസം പരിഗണിക്കും.
സോളാര്‍ വിവാദത്തില്‍ അന്വേഷണം നടത്തിയ ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ സരിത നല്‍കിയ കത്ത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
21 പേജുള്ള കത്തിന് പകരം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങളുള്ള പേജുകള്‍ കൂടി ഉള്‍പ്പെടുത്തി 25 പേജുള്ള കത്ത് സരിത നല്‍കിയത് ഗണേഷിന്റെ അഭ്യര്‍ഥന പ്രകാരമാണെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കുന്നു.
സരിതയുടെ ആദ്യത്തെ അഭിഭാഷകനായ ഫെനി ബാലകൃഷ്‌ണനാണ് സരിതയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ നടന്നതായി വ്യക്തമാക്കിയത്. 21 പേജ് മാത്രമായിരുന്ന കത്ത് വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി 25 പേജ് ആക്കിയതിന് പിന്നില്‍ ഗണേഷിന്റെ ബന്ധു ശരണ്യ മനോജാണെന്നുമാണ് ഫെനി ആരോപിച്ചത്.