ബിജു രാധാകൃഷ്ണൻ നാളെ സിഡി ഹാജരാക്കില്ല; സിഡി മറ്റൊരാളുടെ കൈയില്‍, പിടിച്ചെടുക്കാന്‍ ആവശ്യപ്പെടും

ബുധന്‍, 9 ഡിസം‌ബര്‍ 2015 (16:28 IST)
സോളർ കമ്മിഷനു മുന്നിൽ ബിജു രാധാകൃഷ്ണൻ നാളെ സിഡി ഹാജരാക്കില്ല. സിഡി തന്റെ കൈവശം ഇല്ലെന്നും അത് മറ്റൊരാളുടെ കൈവശമാണെന്നും ബിജു വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റ് രണ്ടു മന്ത്രിമാരും ഉൾപ്പെടെ ആറുപേർക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ബിജുവിനോട് പത്താം തിയതി സിഡി തെളിവായ സിഡി ഹാജരാക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഇപ്പോള്‍ സിഡി തന്റെ കൈവശമില്ല. മറ്റൊരാളുടെ കൈയിലാണുള്ളത്. രണ്ടുവര്‍ഷം മുമ്പ് വരെ സിഡി കൈവശമുണ്ടായിരുന്നു. അതിനാല്‍ എത്രയും വേഗം സിഡി പിടിച്ചെടുക്കണം. സിഡി ആരുടെ കൈയില്‍ ആണെന്നും അവരുടെ വിവരങ്ങള്‍ താന്‍ സോളാര്‍ കമ്മീഷന് നല്‍കുമെന്നും ബിജു രാധാകൃഷ്ണൻ വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റ് രണ്ടു മന്ത്രിമാരും ഉൾപ്പെടെ ആറുപേർ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരെ ലൈംഗികമായി ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തന്റെ കൈയിലുണ്ടെന്നാണ് കഴിഞ്ഞ തവണ സോളാര്‍ കമ്മീഷനില്‍ ബിജു വ്യക്തമാക്കിയത്. കമ്മിഷൻ ആവശ്യപ്പെട്ടാൽ ഈ തെളിവുകൾ ഹാജരാക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പത്താം തിയതി സിഡി ഹാജരാക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായ ഷിബു ബേബി ജോൺ, എ.പി. അനിൽകുമാർ, ഹൈബി ഈഡൻ എംഎൽഎ, ആര്യാടൻ ഷൗക്കത്ത്, എ.പി. അനിൽകുമാറിന്റെ പിഎ പി നസറുള്ള എന്നിവർ സരിത എസ് നായരെ ഉപയോഗിച്ചുവെന്നു പറഞ്ഞ ബിജു ഇതിന്റെ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും അവകാശപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അഞ്ചരക്കോടി രൂപ കോഴ നൽകിയെന്നും ബിജു മൊഴി നൽകിയിരുന്നു.

അതേസമയം, സോളർ കമ്മിഷനു മുന്നിൽ നൽകിയ മൊഴി ബിജു രാധാകൃഷ്ണൻ മാറ്റാൻ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ബിജു നിയമോപദേശം തേടി. മൊഴി തിരുത്തിയാൽ എന്തു നടപടിയുണ്ടാകുമെന്ന് അഭിഭാഷകരോട് ആരാഞ്ഞു. രശ്മി വധക്കേസിലെ അഡ്വ ബിഎൻ ഹസ്ക്കറിനോടാണ് ബിജു നിയമോപദേശം തേടിയത്.

വെബ്ദുനിയ വായിക്കുക