കെസിഎ വടിയെടുത്തു; സഞ്ജു പരസ്യമായി മാപ്പ് പറയണം - താരത്തിനെതിരെ അന്വേഷണം
വ്യാഴം, 1 ഡിസംബര്‍ 2016 (13:38 IST)
രഞ്ജി ട്രോഫി മത്സരത്തിനിടെ മോശം പെരുമാറ്റം നടത്തിയെന്ന ആരോപണത്തിൽ ക്രിക്കറ്റ് താരം സഞ്ജു വി സാംസണിനെതിരേ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അന്വേഷണം. നാലംഗ സമിതിയാണ് താരത്തിനെതിരെ അന്വേഷണം നടത്തുന്നത്. അതേസമയം, സഞ്ജു പരസ്യമായി മാപ്പ് പറയണമെന്ന് കെസിഎ വ്യക്തമാക്കി.
സഞ്ജുവിന് ഉടന്‍ തന്നെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കെസിഎ തീരുമാനിച്ചിട്ടുണ്ട്. അതെസമയം, ആരോപണങ്ങളെ തള്ളി സഞ്ജുവിന്റെ അച്ഛന്‍ സാംസണ്‍ വിശ്വനാഥ് രംഗത്ത് വന്നു. ഡ്രസിംഗ് റൂമിലൂണ്ടായത് സ്വഭാവിക പ്രതികണമാണ്. താന്‍ ടിസി മാത്യുവിനോട് മോശമായി പെരുമാറിയിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. പരുക്കേറ്റതിനാല്‍ സഞ്ജുവിനെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ മാത്രമാണ് ഞാന്‍ ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയില്‍ ബ്രബോണ്‍ സ്റ്റേഡിയത്തില്‍ രണ്ടാഴ്ച മുന്‍പു നടന്ന മത്സരത്തിനിടെയാണ് സഞ്ജുവിനെതിരായ പരാതികളുടെ തുടക്കം. ബാറ്റിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ സഞ്ജു ഡ്രെസിംഗ് റൂമിൽ അപമര്യാദയായി പെരുമാറിയെന്നും പുറത്തായതിന്റെ ദേക്ഷ്യത്തില്‍ താരം ബാറ്റ് തല്ലിയൊടിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. കൂടാതെ അനുമതിയില്ലാതെ ഡ്രസിംഗ് റൂമില്‍ നിന്നും പോയ സഞ്ജു അര്‍ധരാത്രിയോടെയാണ് തിരിച്ചെത്തിയതെന്നുമാണ് പ്രധാന ആരോപണം.
കട്ടക്കില്‍ ത്രിപുരയ്ക്കെതിരെ നടക്കുന്ന കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരത്തില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സഞ്ജുവിന്റെ പിതാവ് കെസിഎ ഭാരവാഹികളെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. സീസണിൽ കേരളത്തിനായി രഞ്ജി കളിക്കുന്ന സഞ്ജുവിന് ഒരു സെഞ്ചുറി മാത്രമാണ് നേടാൻ കഴിഞ്ഞത്. മറ്റു മത്സരങ്ങളിൽ സഞ്ജു സമ്പൂർണ പരാജയമായിരുന്നു.