ഗണേഷിനായി മോഹന്‍ലാല്‍ പത്തനാപുരത്ത് നടത്തിയ പ്രചാരണം വിവാദമാകുന്നു; സലിം കുമാർ താരസംഘടനയില്‍ നിന്ന് രാജിവച്ചു
വെള്ളി, 13 മെയ് 2016 (11:06 IST)
സിനിമാ താരം സലിം കുമാർ താരസംഘടനയായ 'അമ്മ'യിൽ നിന്നു രാജിവച്ചു. ചലച്ചിത്ര താരങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നതിൽ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് അമ്മയുടെ ജനറൽ സെക്രട്ടറി മമ്മൂട്ടിക്ക് അയച്ചു കൊടുത്തു.
മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ പത്തനാപുരത്ത് മൽസരിക്കുന്ന ഗണേഷ് കുമാറിന്റെ പ്രചാരണത്തിനു എത്തിയതാണ് സലിം കുമാറിനെ ചൊടിപ്പിച്ചത്.
താരമണ്ഡലങ്ങളിൽ പോയി പക്ഷം പിടിക്കരുതെന്ന് അമ്മയുടെ നിർദ്ദേശമുണ്ടായിരുന്നെന്ന് സലീംകുമാർ പറഞ്ഞു. പത്തനാപുരത്തെ ഇടത് സ്ഥാനാര്‍ത്തി ഗണേഷ് കുമാറിനായി പ്രചാരണത്തിന് പോയത് താരസംഘടനയുടെ നേതാവ് തന്നെയാണ്. അതേസമയം, താൻ വരില്ലെന്ന് ജഗദീഷിനോട് ഇന്നസെന്റ് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മോഹൻലാൽ പത്തനാപുരത്ത് സന്ദർശനം നടത്തിയതിൽ വേദനയുണ്ടെന്ന് ജഗദീഷ് എന്നോട് നേരിട്ട് പറഞ്ഞു. എന്തിന്റെ പേരിലായാലും കലാകാരന് നട്ടെല്ലുണ്ടായിരിക്കണം. അല്ലാതെ താൽക്കാലിക ലാഭത്തിന് വേണ്ടിയാകരുത്. ജയറാമും കവിയൂർ പൊന്നമ്മയും പ്രചാരണത്തിന് പോയതിൽ തെറ്റില്ലെന്നും സലിം കുമാർ പറഞ്ഞു.
മോഹന്‍ലാലിനൊപ്പം സംവിധായകന്‍ പ്രിയദര്‍ശനും ഗണേഷിനുവേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ പത്തനാപുരത്തെത്തിയിരുന്നു. പത്തനാപുരത്ത് ഗണേഷ്കുമാറിന്‍റെ എതിര്‍ സ്ഥാനാര്‍ത്ഥികളായി യുഡിഎഫിന് വേണ്ടി നടന്‍ ജഗദീഷും ബിജെപിക്ക് വേണ്ടി നടന്‍ ഭീമന്‍ രഘുവുമാണ് മത്സരിക്കുന്നത്.
പത്തനാപുരത്തെ മോഹല്‍ലാലിന്റെ പ്രസംഗം:-
ഗണേഷുമായും ഗണേഷിന്‍റെ കുടുംബവുമായുമുള്ള ആത്മബന്ധത്തിന്‍റെ കഥ പറഞ്ഞാണ് മോഹന്‍ലാല്‍ പ്രസംഗം ആരംഭിച്ചത്. ഗണേഷിന്‍റെ അമ്മ തനിക്ക് ഏറെ ഭക്ഷണം വിളമ്പിത്തന്നിട്ടുണ്ടെന്നും ഒരു ആനയെ അടുത്ത് കാണുന്നത് ഗണേഷിന്‍റെ വീട്ടില്‍ വച്ചാണെന്നും മോഹന്‍ലാല്‍ ഓര്‍ത്തെടുത്തു.
ഒരു നല്ല വ്യക്തി എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും വളരെ അടുപ്പമുള്ളയാളാണ് ഗണേഷ്. ഗണേഷിന്‍റെ മൂത്ത സഹോദരനായാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ഗണേഷിന് എല്ല ആശംസകളും നേരുന്നു. സാധാരണക്കാരന്‍റെ വാഹനമാണ് ഓട്ടോറിക്ഷയെന്നും ഗണേഷിന്‍റെ ചിഹ്നമായ ‘ഓട്ടോറിക്ഷ’യെ പരാമര്‍ശിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.
ഗണേഷിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ താന്‍ നേരത്തെയും പത്തനാപുരത്ത് വന്നിട്ടുണ്ടെന്നും ഇനിയും വരാമെന്നും തെരഞ്ഞെടുപ്പിന് ശേഷം നല്ല വാര്‍ത്ത വരട്ടെയെന്നും മോഹന്‍ലാല്‍ ആഗ്രഹം പ്രകടിപ്പിച്ചു.