വില്പന നികുതി വര്‍ദ്ധിപ്പിച്ചു, സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില കൂടി
വ്യാഴം, 30 ഒക്‌ടോബര്‍ 2014 (08:41 IST)
വില്പന നികുതി വര്‍ദ്ധനയെ തുടര്‍ന്ന് സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലകളില്‍ നേരിയ വര്‍ധന. പെട്രോളിന് 27 പൈസയും ഡീസലിന് 60 പൈസയുമാണ് കൂടിയത്.
പെട്രോളിന്റെ നികുതി 26.92 ശതമാനത്തില്‍നിന്ന് 27.42 ശതമാനമായി വര്‍ധിപ്പിച്ചു. ഇതുകൂടാതെ, നിലവിലുള്ള ഒരു ശതമാനം സെസ് തുടരും. ഡീസലിന് 19.80 ശതമാനമായിരുന്ന സംസ്‌ഥാനനികുതി 21.04 ശതമാനമായി ഉയര്‍ത്തി. ഡീസലിനും ഒരു ശതമാനം നിലവിലുള്ള സെസ് തുടരും. ഇന്നലെ രാത്രിയോടെ സംസ്‌ഥാനത്തെ പമ്പുടമകള്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില നിയന്ത്രണം എടുത്തുകളഞ്ഞതോടെ ഡീസലിന്റെ വില അടുത്തിടെ മൂന്നര രൂപയോളം കുറഞ്ഞിരുന്നു. എന്നാല്‍, ഇതിനനുസരിച്ചുള്ള നികുതിയിളവ് സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. അതിനു പിന്നാലെയാണ് വീണ്ടും നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
വര്‍ധന ബുധനാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിലായി.സാമ്പത്തിക പ്രതിസ്ന്ധിയിലായ സംസ്ഥാന സര്‍ക്കാര്‍ വിവ്വിധ പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വില്‍പ്പന നികുതി വര്‍ധ്ധിപ്പിച്ചത്. നേരത്തേ തന്നെ ഇന്ധന വില്‍പ്പനയില്‍ സെസ് ഏര്‍പ്പെടുത്തുന്ന കാര്യം മുഖ്യമന്ത്രിയും ധനമന്ത്രിയും സൂചിപ്പിച്ചിരുന്നു.