സക്കീർ ഹുസൈൻ കീഴടങ്ങി? രഹസ്യമായി ഒളിച്ച് കമ്മീഷണർ ഓഫീസിലെത്തി, മാധ്യമങ്ങൾക്ക് മുഖം കാണിച്ചില്ല

Webdunia
വ്യാഴം, 17 നവം‌ബര്‍ 2016 (08:54 IST)
വനിത വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷിക്കുന്ന സി പി എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ കീഴടങ്ങിയതായി വിവരം. രാവിലെ എട്ട് മണിക്ക് കമ്മീഷണർ ഓഫീസിൽ രഹസ്യമായിട്ടാണ് സക്കീർ കീഴടങ്ങിയത്. കളമശേരി കോടതിയിൽ ഇന്ന് തന്നെ സക്കീറിനെ ഹാജരാക്കുമെന്ന് സക്കീർ ഹുസൈന്റെ വക്കീൽ പറഞ്ഞു. അതേസമയം, സക്കീർ കീഴടങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
 
സക്കീർ ഹുസൈന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു. ഒളിവിലായിരുന്ന സക്കീർ ഹുസൈനോട് കീഴടങ്ങണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ ഒളിവിൽ കഴിയവേ സക്കീര്‍ ഹുസൈന്‍ എത്താന്‍ ഇടയായ സാഹചര്യം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി സി പി എമ്മിനെ പ്രതിരോധത്തിലാക്കിയ സംഭവത്തിനാണ് ഇപ്പോൾ തീരുമാനമായത്.
 
കഴിഞ്ഞ മാസം 27നാണ് തട്ടികൊണ്ട് പോകലിന് സക്കീർ ഹുസൈനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അന്നു മുതൽ ഇയാൾ ഒളിവിലായിരുന്നു. കളമശ്ശേരിയിൽ സക്കീറിനെ കണ്ടതായി ചിലർ പറഞ്ഞെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. പാർട്ടി ഓഫീസിൽ എത്തിയെങ്കിലും മുകളിൽ നിന്നും അറിയിപ്പ് ലഭിക്കാത്തതിനാൽ പൊലീസിന് ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതും പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. 
 
കേസ് അന്വേഷിക്കുന്ന അസിസ്റ്റന്റ്. കമ്മീഷണർ ഷിഹാബിന് മുന്നിൽ ഹാജരാകണ‌മെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. തന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് കാണിക്കരുതെന്നായിരുന്നു സക്കീർ പൊലീസിനോട് പറഞ്ഞത്.
 
Next Article