വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയായ കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ തല്സ്ഥാനത്ത് നിന്നും നീക്കി. പകരം ടി കെ മോഹനൻ സെക്രട്ടറിയായി ചുമതലയേൽക്കും. തെറ്റ് ചെയ്തവർ ശിക്ഷയനുഭവിക്കും അവരെ പാർട്ടി സംരക്ഷിക്കില്ലെന്നും സി പി എം ജില്ലാ സെക്രട്ടറി പി രാജീവ് വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് രാജീവ് ഇക്കാര്യം അറിയിച്ചത്.
പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ സക്കീർ ഹുസൈൻ ഏരിയ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്നത് ശരിയല്ലെന്നും അന്വേഷണം പൂർത്തിയാകുന്നതു വരെ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്നും നീക്കിയെന്നും രാജീവ് വ്യക്തമാക്കി. ജില്ലാ സെക്രട്ടറിയേറ്റ് ഏകഘണ്ഡമായി എടുത്ത നടപടിയാണിതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സക്കീർ ഹുസൈൻ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കും. കേസിനെ കുറിച്ച് കൂടുതൽ പരിശോധിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റിനോട് ജില്ലാ സെക്രട്ടരിയേറ്റ് അഭ്യർത്ഥിച്ചു. അതേസമയം, സക്കീര്‍ ഹുസൈന് മുന്‍കൂര്‍ ജാമ്യം നല്‍കരുത് എന്ന് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. 16 കേസുകളാണ് സക്കീര്‍ ഹുസൈനെതിരെ ഉള്ളത്. അതില്‍ രാഷ്ട്രീയ കേസുകള്‍ കുറവാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.