പ്ലാൻ എയും ബിയും പൊളിഞ്ഞു, തന്ത്രി കുടുംബത്തിൽ നിന്ന് തന്നെ എട്ടിന്റെ പണിയും കിട്ടി; രാഹുലിനെ ട്രോളി സോഷ്യൽ മീഡിയ

തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (08:01 IST)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ നിരവധിയാളുകളാണ് രംഗത്തെത്തിയത്. അക്കൂട്ടത്തിൽ മുൻ‌പന്തിയിൽ തന്നെയുണ്ടായിരുന്നു രാഹുൽ ഈശ്വർ. സ്ത്രീകളെ സന്നിധാനത്ത് കയറ്റാതിരിക്കാൻ നിരവധി പ്ലാനുകളുമായിട്ടാണ് രാഹുൽ ഒരുങ്ങിയിരുന്നത്.
 
എന്നാൽ, ഇപ്പോഴിതാ പ്ലാനുകള്‍ പലതും തയാറാക്കി വെച്ച രാഹുല്‍ ഈശ്വറിനെ തള്ളി തന്ത്രി കുടുംബം. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുമായി രാഹുല്‍ ഈശ്വറിന് യാതൊരു ബന്ധവുമില്ലെന്നും തന്ത്രി കുടുംബത്തില്‍ രാഹുലിന് പിന്തുടര്‍ച്ചാവകാശമില്ലെന്നും തന്ത്രി കുടുംബം വ്യക്തമാക്കി.
 
അതേസമയം, ശബരിമലയില്‍ ചോര വീഴ്ത്താന്‍ ആളുകള്‍ തയ്യാറായിരുന്നുവെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റിലാണ്. സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിച്ചാല്‍ 20ഓളം ആളുകൾ രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു.
 
ഈ പരാമര്‍ശത്തിലാണ് രാഹുലിനെതിരെ നേരെത്ത എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ശബരിമലയുടെ ഉടമസ്ഥാവകാശം തന്ത്രിക്കല്ലെന്നു മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. പക്ഷെ അത് ദേവസ്വം ബോര്‍ഡിനോ സര്‍ക്കാറിനൊ അല്ല അയ്യപ്പനാണെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തിമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍