കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; രാഹുല്‍ ഈശ്വറിന്റെ അറസ്‌റ്റിനെ എതിര്‍ത്ത് സുധാകരന്‍, സ്വാഗതം ചെയ്‌ത് ബല്‍‌റാം

ഞായര്‍, 28 ഒക്‌ടോബര്‍ 2018 (15:47 IST)
ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ കോണ്‍ഗ്രസില്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ രൂക്ഷമാകുന്നു. അയ്യപ്പധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിനെ അറസ്‌റ്റ് ചെയ്‌ത നടപടിയെ വിടി ബല്‍‌റാം എംഎല്‍എ സ്വാഗതം ചെയ്‌തതിനു പിന്നാലെ എതിരഭിപ്രായവുമായി കെ സുധാകരന്‍ രംഗത്തുവന്നു.

രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ന്യായീകരിക്കാനാവില്ല. രാഹുലിനെ നേരത്തെ തന്നെ പൊലീസ് ലക്ഷ്യമിട്ടതാണ്.  അറസ്റ്റ് ചെയ്ത രീതി ശരിയായില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

അതേസമയം, രാഹുലിനെ പോലെയുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്നാണ് യഥാർത്ഥ കോൺഗ്രസുകാരും യഥാർത്ഥ അയ്യപ്പഭക്തരും ആഗ്രഹിക്കുന്നതെന്നായിരുന്നു ബല്‍‌റാം പറഞ്ഞത്.
ആർഎസ്എസ് ക്രിമിനലുകളെ നിലക്കുനിർത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

ബല്‍‌റാമിന്റെ നിലപാടിനെ തള്ളുന്ന രീതിയിലാണ് സുധാകരന്റെ പ്രതികരണമെന്നതാണ് ശ്രദ്ധേയം. ശബരിമല പ്രതിഷേധത്തില്‍ അക്രമം നടത്തിയവരെ അറസ്‌റ്റ് ചെയ്‌തതിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

വീഡിയോയില്‍ കാണുന്നവരെയെല്ലാം പൊലീസ് അറസ്‌റ്റ് ചെയ്യുന്നു. സമാധാനപരമായി സമരം നടത്തിയവരുടെ നോക്കി അറസ്റ്റ് ചെയ്യുന്നതിലെ യുക്തി എന്താണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സുധാകരന്‍ ആരോപിച്ചു.

സുധാകരന്റെയും ബല്‍‌റാമിന്റെ നിലപാട് പുറത്തുവന്ന സാഹചര്യത്തില്‍ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസില്‍ രണ്ടഭിപ്രായം രൂക്ഷമാകുകയാണെന്ന് വ്യക്തമായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍