ശബരിമല സംഘര്‍ഷം: അറസ്റ്റിലായവരുടെ എണ്ണം 3,345, 517 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
ഞായര്‍, 28 ഒക്‌ടോബര്‍ 2018 (10:36 IST)
ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായവരുടെ എണ്ണം 3,345 ആയി. 517 കേസുകളിലാണ് ഇത്രയും പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 122 പേര്‍ റിമാന്‍ഡിലാണ്. ശേഷിക്കുന്നവരെ ജാമ്യത്തില്‍ വിട്ടയച്ചു.
കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പൊതു മുതല്‍ നശിപ്പിച്ച കേസിലാണ് കൂടുതല്‍ പേര്‍ പിടിയിലായിരിക്കുന്നത്. കൊച്ചി റേഞ്ചിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്. അക്രമ സംഭവങ്ങളിൽ നേരിട്ട് പങ്കാളികളായ വരെ മാത്രം റിമാൻഡ് ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ പൊതുമുതല്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാന്‍ 10,000 രൂപ മുതല്‍ 13 ലക്ഷം രൂപ വരെ കെട്ടി വെയ്ക്കേണ്ടി വരും. സംഘർഷത്തിൽ പങ്കാളികളായവരെ വേഗം പിടികൂടാനാണ് പൊലീസിന്റെ തീരുമാനം.