10വയസുകാരി അയ്യപ്പന്റെ ബ്രഹ്മചര്യം ഇല്ലാതാക്കുമെന്ന വാദം അംഗീകരിക്കാനാവില്ല: സുപ്രീംകോടതിയിൽ നിലപാടിലുറച്ച് സര്‍ക്കാര്‍

വ്യാഴം, 14 ഫെബ്രുവരി 2019 (12:58 IST)
ശബരിമലയിലെ യുവതീപ്രവേശത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വാദങ്ങള്‍ രേഖാമൂലം സുപ്രീംകോടതിയില്‍ നൽകി. പത്ത് വയസുകാരിയുടെയും യുവതീകളുടെയും സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന് പറയുന്നത് ശരിയല്ല. ഈ വാദം സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പുന:പരിശോധനാ ഹർജിയിൽ എഴുതി നൽകിയ വാദത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ബുധനാഴ്ചയാണ് സർക്കാർ വാദം എഴുതി നൽകിയത്.

യുവതീപ്രവേശന വിലക്ക് ശബരിമല ക്ഷേത്രത്തിന്റെ അവിഭാജ്യമായ ആചാരമല്ല, നൂറു കണക്കിന് അയ്യപ്പ ക്ഷേത്രങ്ങളിൽ യുവതികൾക്ക് പ്രവേശിക്കാം. യുവതികൾക്ക് വിലക്ക് ഉള്ളത് ശബരിമലയിൽ മാത്രമാണ്.  ഒരു മതത്തിന്റേയോ പ്രത്യേക വിഭാഗത്തിന്റെയോ അവിഭാജ്യമായ ആചാരമാണോ യുവതീപ്രവേശന വിലക്ക് എന്നാണ് ഭരണഘടന ബെഞ്ച് പരിശോധിക്കേണ്ടത്  എന്നും വാദത്തിലുണ്ട്.

യുവതികളെ വിലക്കുന്നത് ആചാരപരമായ സമ്പ്രദായം ആണെന്ന എന്‍എസ്എസ് അഭിഭാഷകൻ വെങ്കിട്ട രാമന്റെ വാദം തെറ്റാണെന്ന് സീനിയര്‍ അഭിഭാഷകന്‍ വിജയ് ഹന്‍സരിയ സംസ്ഥാന സര്‍ക്കാരിനായി എഴുതി നല്‍കിയ മറുപടിയില്‍ പറയുന്നു.

ആചാരപരമായ ഒരു സമ്പ്രദായത്തിനും ഭരണഘടന പരിരക്ഷ നൽകുന്നില്ല. ഭരണഘടന ബെഞ്ചിന്റെ വിധി രാജ്യത്തെ പല ക്ഷേത്രങ്ങളുടെയും സ്വാഭാവിക നീതി നിഷേധിക്കുമെന്ന വാദം തെറ്റാണ്. വിധി ബാധകം ആകുന്ന എല്ലാവരേയും കോടതിക്ക് കേൾക്കാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍