റബര്‍ വിലയിലും സംഭരണത്തിലും വലിയ മുന്നേറ്റമെന്ന് മുഖ്യമന്ത്രി

ബുധന്‍, 7 ജനുവരി 2015 (16:51 IST)
സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി റബര്‍ വിലയിലും റബര്‍ സംഭരണത്തിലും വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സര്‍ക്കാരും റബര്‍ കര്‍ഷകരും ടയര്‍ കമ്പനികളും റബര്‍ ബോര്‍ഡും ഒറ്റക്കെട്ടായി നിന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ വിപണിയില്‍ കാണുന്നത്. ഇതൊരു ചരിത്രസംഭവമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 
 
വെള്ളിയാഴ്ച ഒറ്റദിവസം ടയര്‍ കമ്പനികള്‍ മാത്രം 2,400 ടണ്‍ റബര്‍ സംഭരിച്ചു. റബര്‍വില 130.45 രൂപയായി കുതിച്ചു കയറി. അന്താരാഷ്ട്രവിപണിയിലേതിനേക്കാള്‍ മികച്ച വിലയാണ് ഇപ്പോള്‍ റബര്‍ കര്‍ഷകര്‍ക്കു ലഭിക്കുന്നത്. ലോകത്തു മറ്റൊരിടത്തും ഇത്രയും ഉയര്‍ന്ന വില ഇപ്പോള്‍ ലഭിക്കുന്നില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. റബറിന്റെ രൂക്ഷമായ വിലത്തകര്‍ച്ച മൂലം സര്‍ക്കാര്‍ ടയര്‍ കമ്പനികളുടെയും മറ്റു ബന്ധപ്പെട്ടവരുടെയും യോഗം വിളിച്ചത് കഴിഞ്ഞ ഡിസം 18നാണ്. അന്നത്തെ വില 115 രൂപയായിരുന്നു. യോഗതീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വില്പന നികുതി ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് റബര്‍ സംഭരണത്തിലും വിലയിലും വലിയ മുന്നേറ്റം ഉണ്ടായത്. 
 
കര്‍ഷകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വില ലഭിച്ചപ്പോല്‍ സംസ്ഥാന സര്‍ക്കാരിനു നികുതിയിനത്തില്‍ നഷ്ടം സംഭവിച്ചിട്ടുണ്ട്. കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണെന്നു മുഖ്യമന്ത്രി അറിയിച്ചു. അന്താരാഷ്ട്രവിലയോടൊപ്പം 20 ശതമാനം ഇറക്കുമതിച്ചുങ്കം കൂടി നല്കിയാണ് ടയര്‍ കമ്പനികള്‍ റബര്‍ ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതിക്കു പകരം കേരളത്തില്‍ നിന്നു തന്നെ റബര്‍ സംഭരിക്കുന്നതിനാല്‍ ചുങ്കമായി നല്‌കേണ്ട തുകയും കര്‍ഷകര്‍ക്കു ലഭിക്കുന്നു. ടയര്‍ കമ്പനികള്‍ക്കും പ്രയോജനം ലഭിക്കുന്നതാണ് പുതിയ പദ്ധതിയെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക