ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ കേരളം

സിആര്‍ രവിചന്ദ്രന്‍

ശനി, 26 നവം‌ബര്‍ 2022 (12:25 IST)
ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ എത്താന്‍ കേരളത്തിനായെന്നും ഈ വര്‍ഷത്തെ ആദ്യ മൂന്നു പാദത്തില്‍ 1,33,80,000 ആഭ്യന്തര സഞ്ചാരികള്‍ എത്തിയതെന്നും ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഒമ്ബതു മാസത്തെ ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ മുന്‍വര്‍ഷങ്ങളിലെ മൂന്ന് പാദത്തേക്കാളും വര്‍ധനവുണ്ട്. കോവിഡിന് മുന്‍കാലത്തേക്കാള്‍ 1.49 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്താല്‍ 196 ശതമാനം മുന്നില്‍. കോവിഡാനന്തര ടൂറിസത്തില്‍ കേരളം വലിയ കുതിപ്പ് നടത്തുന്ന ഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു.
 
വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കോവിഡ് കാലത്തിനേക്കാള്‍ വളര്‍ച്ച നേടാനായി. ഈ വര്‍ഷം ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ 600 ശതമാനം മുന്നേറ്റമാണ് ഉണ്ടായത്. കോവിഡിനു ശേഷം ലോകത്തെ ടൂറിസം മേഖല പൂര്‍ണമായും തുറക്കുമ്‌ബോള്‍ വിദേശ സഞ്ചാരികളുടെ വരവില്‍ വലിയ വര്‍ധന പ്രതീക്ഷിക്കുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട സംസ്ഥാന ജിഡിപി റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ സാമ്ബത്തികവളര്‍ച്ച 12.07 ശതമാനമാണ്. ഇത് ദേശീയ ശരാശരിക്ക് മുകളിലാണ്. കേരളത്തിന്റെ സമ്ബദ് വ്യവസ്ഥയുടെ കുതിപ്പിനിടയാക്കിയ ഒരു ഘടകം ടൂറിസം മേഖലയാണ്. 120 ശതമാനം വളര്‍ച്ചയാണ് ടൂറിസം മേഖല കൈവരിച്ചിരിക്കുന്നത്.
ഓരോ സമയത്തിനനുസരിച്ചും വ്യത്യസ്ത സമീപനം സ്വീകരിക്കുന്നതിലൂടെയാണ് കൂടുതല്‍ നേട്ടം കേരളത്തിന് കൈവരിക്കാനാകുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍