പിന്‍സീറ്റ് യാത്രികര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധിതമാക്കിയ സര്‍ക്കുലര്‍ മന്ത്രി ഇടപെട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് മടങ്ങിയെത്തിയേക്കില്ല. ഒരുമാസത്തെ അവധിയിലുള്ള ഋഷിരാജ് സിംഗിന് പകരം ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സെയ്ദ് മുഹമ്മദിന് ചുമതല കൈമാറി. കമ്മീഷണര്‍ അവധിയിലായതിനാല്‍ ചുമതല കീഴുദ്യോഗസ്ഥന് കൈമാറുന്നത് സ്വഭാവികമായ നടപടിക്രമം മാത്രമാണെന്നാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസ് നല്‍കുന്ന വിശദീകരണം.
എന്നാല്‍ കേന്ദ്രനിയമം അനുശാസിക്കുന്ന ഭേദഗതി നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ഋഷിരാജ് സിംഗിന്റെ നിലപാട്. കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെ തുടര്‍ന്നാണ് പിന്‍സീറ്റ് യാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. ഈ നിര്‍ദേശം തന്നോട് പോലും ആലോചിക്കാതെ പിന്‍വലിച്ച മന്ത്രിയുടെ നടപടിയാണ് ഋഷിരാജ് സിംഗിനെ ചൊടിപ്പിച്ചത്.